ന്യൂഡൽഹി:  ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. പ്രസാര്‍ ഭാരതി സി ഇ ഒ ശശി ശേഖര്‍ ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

 ഈ സീരിയലുകള്‍ പ്രക്ഷേപണം ചെയ്യാന്‍ പകര്‍പ്പാവകാശമുള്ളവരെ ദൂരദര്‍ശൻ സമീപിച്ചിട്ടുണ്ടെന്നും വൈകാതെ തീരുമാനമറിയിക്കാമെന്നും ശശി ശേഖര്‍ ട്വീറ്റ് ചെയ്യുന്നു.

രാജ്യത്ത് 21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ വീടുകളില്‍ കഴിച്ചുകൂട്ടുകയാണ്. ഇതിനിടയിലാണ് ദൂരദര്‍ശനില്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ വീണ്ടും സംപ്രേഷണം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍മീഡിയയിലൂടെ രംഗത്ത് വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് പ്രസാര്‍ ഭാരതി സി ഇ ഒ ഇക്കാര്യത്തിന് പരിഹാരം ആലോചിച്ചു തുടങ്ങുന്നത്.

1987ല്‍ പ്രക്ഷേപണമാരംഭിച്ച രാമായണം സീരിയല്‍ വീണ്ടും കാണണമെന്നാണ് നിരവധി പേരുടെ ആവശ്യം. വാല്‍മീകി രചിച്ച പുരാണകാവ്യത്തിന്റെ ആഖ്യാനമായിരുന്നു രാമായണം എന്ന സീരിയല്‍. രാമാനന്ദ് സാഗര്‍ ആയിരുന്നു സംവിധാനം ചെയ്തത്. വ്യാസന്‍ രചിച്ച മഹാഭാരതത്തെ ആസ്പദമാക്കി ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്ത സീരിയൽ സംവിധാനം ചെയ്തത് ബി ആര്‍ ചോപ്രയുമാണ്. 

Content Highlights : corona virus lockdown curfew PB plans to retelecast ramayana and mahabharat serials in doordarshan