തിരുവനന്തപുരം: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബുധനാഴ്ച മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ അടച്ചിടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. മാര്‍ച്ച് 31 വരെ തുറക്കാതിരിക്കാനാണ് നിര്‍ദേശം.
ഇതോടെ ഇപ്പോള്‍ തീയേറ്റില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുന്ന ചിത്രങ്ങളുടേതുള്‍പ്പടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ ഭാവി അനിശ്ചിത്വത്തില്‍ ആയിരിക്കുകയാണ്. ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം വരെ ഈ മാസം തീയേറ്ററില്‍ എത്തേണ്ടതായിരുന്നു.
കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ തന്റെ പുതിയ ചിത്രമായ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സിന്റെ റിലീസ് മാറ്റിവച്ച വിവരം ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. മാര്‍ച്ച് 12നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. ഉണ്ണി. ആറിന്റെ ചെറുകഥയെ ആസ്പദമാക്കി കാവ്യ പ്രകാശ് ഒരുക്കുന്ന വാങ്ക് ഈ മാസമായിരുന്നു റിലീസ് തീരുമാനിച്ചിരുന്നത്. തീയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച്ച നടക്കേണ്ടിയിരുന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോ മാറ്റിവച്ചതായി കാവ്യ വ്യക്തമാക്കി.
മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാറിന്റെ റിലീസ് മാര്‍ച്ച് 26-നാണ് തീരുമാനിച്ചിരുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് എപ്പോഴായിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.
Content Highlights : corona virus affects malayalam movie release theatres will remain close