
-
കൊച്ചി: ഷൂട്ടിങ് നിലച്ചതോടെ പ്രതിസന്ധിയിലായ സിനിമാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക മുന്നോട്ടു വച്ച പദ്ധതിയിലേക്ക് മോഹന്‍ലാല്‍ 10 ലക്ഷം രൂപയും മഞ്ജു അഞ്ചുലക്ഷം രൂപയും നല്കി. തെലുങ്ക് നടന് അല്ലു അര്‍ജുനും സഹായം അറിയിച്ചിട്ടുണ്ട്. ''സിനിമയിലുള്ള ഒരുപാടുപേര് ഈ ഘട്ടത്തില്‍ സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സിനിമാപ്രവര്‍ത്തകര്‍ സഹായവുമായി മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ'' -മഞ്ജുവാരിയര്‍ പറഞ്ഞു.
ദിവസവേതനക്കാരായ സിനിമാപ്രവര്‍ത്തകര്‍ക്ക് വരുംമാസങ്ങളില്‍ സാമ്പത്തികസഹായം നല്‍കും. ഏകദേശം അയ്യായിരത്തോളംപേര്‍ക്ക് പ്രയോജനം കിട്ടും.
ഷൂട്ടിങ് നിലച്ച ചെറിയ ചിത്രങ്ങളില്‍ കുറഞ്ഞ വേതനത്തിന് ജോലി ചെയ്തിരുന്ന സാങ്കേതികപ്രവര്ത്തരെയും പദ്ധതിയില്‍പ്പെടുത്തും. അര്‍ഹരായവരുടെ പട്ടിക തയ്യാറാക്കാന്‍ ഫെഫ്കയിലെ 19 സംഘടനാ ഭാരവാഹികളോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് അറിയിച്ചു. ഓണ്‍ലൈനിലൂടെ ചേര്‍ന്ന ഫെഫ്ക ജനറല്‍ കൗണ്‍സിലാണ് പദ്ധതിക്ക് രൂപംനല്കിയത്.
കൊറോണ ശമിച്ചാലും ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കാന്‍ മൂന്നുമാസമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തല്‍. കുടുംബാംഗങ്ങളുടെ എണ്ണവും സാമ്പത്തികഭദ്രതയും അടിസ്ഥാനമാക്കിയായിരിക്കും തുക നിശ്ചയിക്കുക. ഇതിനുള്ള സാമ്പത്തിക സമാഹരണത്തിന് തുടക്കമായി. അംഗ സംഘടനകളുടെ വെല്ഫയര്കമ്മിറ്റികള് തുക നല്‍കും. ഇതുകൂടാതെ ഫെഫ്കയിലെ സാങ്കേതികപ്രവര്‍ത്തകര്‍ തങ്ങളാല്‍ കഴിയുന്ന വിഹിതം നല്‍കും.
ഫെഫ്കയ്ക്ക് വെളിയിലുള്ള നടീനടന്മാര്, നിര്‍മാതാക്കള്‍, തിയേറ്ററുടമകള്‍ എന്നിവരോട് സഹായം അഭ്യര്‍ഥിക്കുമെന്നും ബി. ഉണ്ണികൃഷ്ണന് അറിയിച്ചു.
ഫെഫ്കയുടെ ഡ്രൈവേഴ്സ് യൂണിയനുകീഴില്‍ 400 വാഹനങ്ങളുണ്ട്. ഈ വാഹനങ്ങളെയും ഡ്രൈവര്‍മാരെയും സന്നദ്ധപ്രവര്‍ത്തനത്തിന് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാട്സാപ്പ് ഗ്രൂപ്പ് വഴി നടന്ന യോഗത്തില്‍ വിവിധ അംഗസംഘടനകളെ പ്രതിനിധാനംചെയ്ത് 57 പേര് പങ്കെടുത്തു.
Content Highlights : corona outbreak mohanlal and manju warrier donates money to fefka to help daily wage workers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..