ചെന്നൈ : കോവിഡ് വാക്സിൻ സ്വീകരിച്ചതുമായി നടൻ വിവേകിന്റെ മരണത്തിന് ബന്ധമില്ലെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്കർ അറിയിച്ചു. വിവേക് വാക്സിൻ സ്വീകരിച്ചതിനെ മറ്റുതരത്തിൽ ചിത്രീകരിക്കരുത്.

ഈസമയത്ത് സർക്കാരിലും കോവിഡ് വാക്സിനിലും വിശ്വാസമുണ്ടാവേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.

‘വിവേകിന് ഹൃദയസംബന്ധമായ പ്രശ്നമാണുണ്ടായത്. കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. അദ്ദേഹം കഴിഞ്ഞദിവസം കോവിഡ് വാക്സിൻ സ്വീകരിച്ചതുമായി ഇപ്പോഴത്തെ അസുഖാവസ്ഥയ്ക്ക് ബന്ധമില്ല’ എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് വാക്സിൻ സ്വീകരിച്ചതിന് അടുത്തദിവസമാണ് സംഭവിച്ചതെങ്കിലും വിവേക് വാക്സിനെടുത്തതുമായി ഹൃദയാഘാതത്തിന് നേരിട്ട് യാതൊരുബന്ധവുമില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണനും അറിയിച്ചു. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചാണ് സംസ്ഥാനത്ത് കോവിഡ് വാക്സിനുകൾ കുത്തിവെക്കുന്നത്. വിവേക് എടുത്തതിനൊപ്പം തന്നെ ഒരുപാടുപേർക്ക് വാക്സിൻ നൽകിയതാണ്. സംസ്ഥാനത്താകെ അഞ്ചുലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ കോവാക്സിൻ നൽകിയിട്ടുണ്ട്. പാർശ്വഫലങ്ങൾ ആർക്കുമുണ്ടായിട്ടില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു.

പൊതുജനങ്ങൾക്കിടയിൽ കോവിഡ് വാക്സിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് ആരോഗ്യവകുപ്പുമായി സഹകരിച്ച് വ്യാഴാഴ്ച വിവേക് വാക്സിൻ കുത്തിവെച്ചിരുന്നു. അതിനുപിറ്റേന്നാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത് എന്നതിനാൽ വാക്സിനുമായി ബന്ധപ്പെടുത്തി ഒട്ടേറെ അഭ്യൂഹങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആരോഗ്യവാനായിരുന്ന വിവേകിന് വാക്സിനെടുത്തതിന് ശേഷമാണ് പ്രശ്നങ്ങളുണ്ടായതെന്ന് നടൻ മൻസൂർ അലി ഖാൻ ആരോപിച്ചു. കോവിഡിന്റെപേരിൽ അധികാരികൾ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.