മോഹന്‍ലാലും രവിന്ദ്രനും നേതൃത്വം നല്‍കുന്ന കൊച്ചിന്‍ മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ യു.എ.ഇ ചാപ്റ്റര്‍ തരംഗം സൃഷ്ടിക്കുന്നു.

പ്രവാസി ഇന്ത്യക്കാരില്‍ നിന്നും വളര്‍ന്നുവരുന്ന സിനിമാ പ്രതിഭകളെ പ്രോത്സാഹിക്കുന്ന തിന്റെ ഭാഗമായാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത് തിരഞ്ഞെടുക്കപ്പെടുന്ന 45 ചിത്രങ്ങള്‍ യു.എ.ഇ ദേശീയ ദിനത്തില്‍ പ്രദര്‍ശിപ്പിക്കും. 

യുഎഇലെ കലാകാരന്മാര്‍ക്കായി ഹ്രസ്വചിത്ര മത്സരം, കന്നി സംവിധായകര്‍, ജനറല്‍ എന്നീ രണ്ടു വിഭാഗങ്ങളിലാണ് മത്സരം. രണ്ടു ചിത്രങ്ങള്‍ വരെ മാത്രം ചെയ്തിട്ടുള്ള സംവിധായകര്‍ക്ക് 'സ്‌നേഹം' എന്ന വിഷയത്തില്‍ അഞ്ചു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമില്ലാത്ത ചിത്രങ്ങളുമായി കന്നി സംവിധായകര്‍ എന്ന വിഭാഗത്തിലും മറ്റുള്ളവര്‍ക്കായി പത്തു മിനിറ്റില്‍ കൂടാത്ത 'പ്രവാസം' എന്ന വിഷയത്തിലുള്ള ചിത്രങ്ങളുമായി ജനറല്‍ വിഭാഗത്തിലും മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം, തമിഴ് ഭാഷകളിലെ ഹ്രസ്വ ചിത്രങ്ങള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ തുടങ്ങിയ സിനിമാ ചര്‍ച്ചകളാണ് ഫിലിം ഫെസ്റ്റിവലായി വളര്‍ന്നു വികസിച്ചത്. മൂന്ന് മാസത്തിന് മുകളിലായി ഈ ഗ്രൂപ്പില്‍ സിനിമാ ചര്‍ച്ചകള്‍ സജീവമാണ്. ചലച്ചിത്രരംഗത്തെ വിദഗ്ദ്ധരടക്കം നിരവധി വ്യക്തികളാണ് ഇതിന്റെ ഭാഗമായിരിക്കുന്നത്. 250 അംഗങ്ങളുള്ള ഗ്രൂപ്പില്‍ സംവിധായകന്‍ മെക്കാര്‍ട്ടിന്‍ തമിഴ് ഛായാഗ്രാഹകന്‍ സത്യ, സൗണ്ട് ഡിസൈനര്‍ അരുണ്‍ വര്‍മ തുടങ്ങിയ പ്രതിഭകള്‍ ചലച്ചിത്ര പാഠങ്ങള്‍ നല്‍കി. 

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കാലത്ത് കോഴ്‌സിന്റെ ഭാഗമായി ധാരാളം ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിരുന്നു. ഈ ഹ്രസ്വചിത്രങ്ങള്‍ മാര്‍ക്കറ്റ് ചെയ്തിട്ടാണ് എല്ലാവരും സിനിമാ ലോകത്തെത്തിയതെന്ന് രവീന്ദ്രന്‍ പറഞ്ഞു. സ്വന്തം കഴിവ് തെളിയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഹ്രസ്വചിത്രങ്ങള്‍ ചെയ്ത് സിനിമാ ലോകത്തെത്തിയ സംവിധായകര്‍ നിരവധിയാണ്-രവീന്ദ്രന്‍ പഞ്ഞു.

മണ്‍സൂണ്‍ സിനി ഫെസ്റ്റ് 2005 ല്‍ ആരംഭിച്ചതാണ്. വേള്‍ഡ് സിനിമാ, വേള്‍ഡ് സിനിമാ ലിറ്ററസി എന്ന ആശയത്തിലായിരുന്നു അതിന്റെ തുടക്കം. 2006ല്‍ തൃപ്പൂണിത്തറ ഗവണ്‍മെന്റ് കോളേജില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തി. ആ വര്‍ഷത്തെ ഗോവ അന്താരാഷ്ട്ര മേളയില്‍ അന്നത്തെ ഫെസ്റ്റിവല്‍ ചെയര്‍മാന്‍ എം.എസ് സത്യു വഴി ക്യാമ്പസ് ചിത്രങ്ങളെ ദേശീയതലത്തില്‍ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു.

2014ലാണ് കൊച്ചി മെട്രോ വരുന്നത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടിയ വര്‍ഷമായിരുന്നു. മലയാളത്തിന് സമര്‍പ്പിച്ചാണ് കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങുന്നത്. മോഹന്‍ലാല്‍ ആയിരുന്നു ചെയര്‍മാന്‍. 

സിനിമയെന്നാല്‍ വിനോദം മാത്രമല്ല. സാമൂഹ്യ പരിഷ്‌കരണത്തിനും സ്ത്രീകളെയും യുവാക്കളുടെയും ഉന്നമനത്തിനുള്ള ഒരു ആയുധം കൂടിയാണ്. മികച്ച ചിത്രങ്ങള്‍ ഏവരിലും എത്തിക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. വര്‍ഷങ്ങളായി സാധിക്കുന്നതിനാല്‍ നല്ല അത്മവിശ്വാസമുണ്ട്. മികച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കും. യു.എ.യില്‍ മാത്രമല്ല ഗള്‍ഫിലെ മറ്റു രാജ്യങ്ങളിലേക്കും കൊച്ചി മെട്രോയുടെ ചാപ്റ്ററുകള്‍ ഭാവിയില്‍ ആരംഭിക്കുമെന്ന് രവീന്ദ്രന്‍ പറഞ്ഞു.

പ്രവാസികളായ ചലചിത്ര പ്രവര്‍ത്തകര്‍ക്ക് പരീശീലന ക്യാമ്പ് ഒരുക്കാനും സിനിമാ നിര്‍മാണത്തിന് സാങ്കേതിക സഹായങ്ങള്‍ നല്‍കാനും കൊച്ചി മെട്രോ പദ്ധതിയിടുന്നുണ്ട്. ഒക്ടോബര്‍ 14 ന് അബുദാബിയില്‍ ചലച്ചിത്രനിര്‍മാണത്തെക്കുറിച്ച് രവീന്ദ്രന്‍ ഒരു ശില്‍പശാല സംഘടിപ്പിക്കുന്നുണ്ട്.