ന്യൂയോര്‍ക്ക്: ജെയിംസ് ബോണ്ട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ക്ലിഫ്ടണ്‍ ജെയിംസ് (96) അന്തരിച്ചു. നിരവധി ബോണ്ട് ചിത്രങ്ങളില്‍ ജെ.ഡബ്ല്യു പെപ്പര്‍ എന്ന ഷെരീഫായി വേഷിമിട്ടിരുന്നു.

പ്രമേഹം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ക്ലിഫ്ടണ്‍ ഒറിഗണിലെ ഗ്ലാഡ്‌സ്റ്റണില്‍ വച്ചാണ് മരിച്ചത്.

ആറു പതിറ്റാണ്ടിലേറെക്കാലം അഭിനയരംഗത്ത് നിറഞ്ഞുനിന്ന നടനായിരുന്നു ക്ലിഫ്ടണ്‍. 1973ല്‍ പുറത്തിറങ്ങിയ ലിവ് ആന്‍ഡ് ലെറ്റ് ഡൈ എന്ന ബോണ്ട് ചിത്രത്തില്‍ ബോണ്ടായി തകര്‍ത്തഭിനയിച്ച റോജര്‍ മൂറിനോളം കൈയടി നേടാന്‍ ക്ലിഫ്ടണ് കഴിഞ്ഞിരുന്നു. മാന്‍ വിത്ത് ദി ഗോള്‍ഡണ്‍ ഗണ്ണാണ് ക്ലിഫ്ടണ്‍ ഷെരീഫിന്റെ വേഷമിട്ട മറ്റൊരു ബോണ്ട് ചിത്രം. രണ്ടിലും റോജര്‍ മൂര്‍ തന്നെയായിരുന്നു ബോണ്ട്. സില്‍വര്‍ സ്ട്രീക്ക്, എയ്റ്റ് മെന്‍ ഔട്ട്, സൂപ്പര്‍മാന്‍ ടു, ദി റെയ്‌വേഴ്‌സ്, ദി അണ്‍ടച്ചബിള്‍സ്, ദി ലാസ്റ്റ് ഡീറ്റെയ്ല്‍, കൂള്‍ ഹാന്‍ഡ് ലൂക്ക്, ദി ബോണ്‍ഫയര്‍ ഓഫ് ദി വാനിറ്റീസ് എന്നിവയാണ് ശ്രദ്ധേയമായ മറ്റ് ചിത്രങ്ങള്‍. അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരകളിലും തിയേറ്ററിലും സജീവമായിരുന്നു. പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയ ഓള്‍ ദി വേ ഹോം എന്ന ടെലിവിഷന്‍ ഷോയിലും മുഖം കാണിച്ചിരുന്നു.

ലൗറിയാണ് ഭാര്യ. മക്കള്‍: കോറി, വിങ്കി, ഹട്ടര്‍ഡി, ലിന്‍, മേരി.