കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി ട്രേഡ് യൂണിയനായ സി.ഐ.ടി.യുവിന്റെ പ്രവര്‍ത്തന മേഖല സിനിമ രംഗത്തേയ്ക്കും വ്യാപിപ്പിയ്ക്കുന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം കേരള സിനിമ എംപ്ലോയീസ് ഫെഡറേഷന്‍ ( കെ.സി.ഇ.ഫ് ) എന്ന പേരില്‍ പുതിയ സിനിമ സംഘടന നിലവില്‍ വന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് പദ്മനാണ് സംസ്ഥാന പ്രസിഡന്റ് . സിനിമ പി.ആര്‍.ഒ  എ.എസ് പ്രകാശിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി , സംസ്ഥാന സെക്രട്ടറിയും കിലെ ചെയര്‍മാനുമായ കെ.എന്‍ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ സിനിമയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിയ്ക്കുന്നവരുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് എല്ലാ വിഭാഗം സിനിമ പ്രവര്‍ത്തകരെയും ഒരു കുടക്കീഴില്‍ അണി നിരത്തുന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്.

തുച്ഛമായ പ്രവേശന ഫീസും മാസവരിയും മാത്രം ഈടാക്കാനാണ് പുതിയ സിനിമ സംഘടനയ്ക്ക് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം. അപേക്ഷ സമര്‍പ്പിയ്ക്കുന്നവരുടെ രാഷ്ട്രീയം പരിഗണിയ്ക്കാതെ അര്‍ഹതയുള്ള എല്ലാവര്‍ക്കും സംഘടനയില്‍ അംഗത്വം നല്‍കുമെന്നും ഭാരവാഹികൾ അറിയിച്ചു. 

content highlights : CITU enters into Cinema Field, Kerala Cinema Employees Federation