വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ എപ്പോഴും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് സംബന്ധിച്ച് പ്രതിഷേധവുമായി നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍ രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് സുധ തന്റെ പ്രതിഷേധം അറിയിച്ചത്. ഇത്തരം പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെപ്പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കണമെന്ന് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോയിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തു.

സംഭവത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് സി.ഐ.എസ്.എഫ്. സുധ ചന്ദ്രനുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രോട്ടോക്കോള്‍ പ്രകാരം പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ കൃതൃമക്കാല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെടുകയുള്ളൂവെന്നും സി.ഐ.എസ്.എഫ് വ്യക്തമാക്കി.  എന്തുകൊണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥ സുധ ചന്ദ്രനോട് അങ്ങനെ ആവശ്യപ്പെട്ടതെന്ന് പരിശോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.  

വര്‍ഷങ്ങള്‍ക്ക് മുമ്പ് കാറപകടത്തെ തുടര്‍ന്നാണ് സുധയ്ക്ക് കാല്‍ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയ രംഗത്തേക്കും ശക്തമായി തിരിച്ചെത്തി. 

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റി വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നത് വേദനാജനകമാണെന്നും ഇത് പരിഹരിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊള്ളണമെന്നുമായിരുന്നു സുധയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും ശ്രദ്ധക്ഷണിച്ചാണ് സുധ തന്റെ വീഡിയോ പങ്കുവച്ചത്

Content Highlights: CISF apologizes to Sudhaa Chandran prosthetic limb issue at Airport