തെലുഗു നടി സായ് സുധയുടെ പരാതിയെ തുടര്‍ന്ന് ഛായാഗ്രഹകന്‍ ശ്യാം കെ. നായിഡുവിനെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. വഞ്ചനാകുറ്റത്തിനാണ് ശ്യാമിനെതിരെ കേസെടുത്തിരിക്കുന്നത്. നടിയും ശ്യാമും പ്രണയബന്ധത്തിലായിരുന്നുവെന്നും വിവാഹം ചെയ്യാമെന്ന് വാക്ക് നല്‍കി പിന്നീട് അതില്‍ നിന്നും പിന്‍മാറിയെന്നാണ് നടിയുടെ ആരോപണം. വിജയ് ദേവരകൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ സായ് ഒരു വേഷം ചെയ്തിട്ടുണ്ട്.

ബുധനാഴ്ച രാവിലെയാണ് പുഞ്ചഗുട്ടയിലെ പോലീസ് സ്‌റ്റേഷനില്‍ നടി ശ്യാമിനെതിരെ പരാതി ഫയല്‍ ചെയ്തത്. വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്യുകയും പിന്നീട് വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചപ്പോള്‍ ചോദ്യം ചെയ്യാനായി ശ്യാമിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ടെന്നും, സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ആറ് മാസത്തോളമായി ശ്യാമും നടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് കേസില്‍ എത്തി നില്‍ക്കുന്നതെന്നും വിവരങ്ങളുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് പോലീസെന്നും അത് വിജയിച്ചില്ലെങ്കില്‍ ശ്യാമിന്റെ പേരില്‍ കേസെടുക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 

ജൂനിയര്‍ എന്‍.ടി.ആര്‍. നായകനായ ടെമ്പര്‍, മഹേഷ് ബാബുവിന്റെ പോക്കിരി, അല്ലു അര്‍ജുന്റെ ജൂലൈ എന്നീ സിനിമകളില്‍ ഛായാഗ്രഹകനായി ശ്യാം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത ഛായാഗ്രഹകന്‍ ഛോട്ടാ കെ. നായിഡുവിന്റെ സഹോദരനാണ് ശ്യാം.

Content Highlights: Cinematographer Shyam K Naidu arrested after Arjun Reddy actor Sai Sudha complaints of cheating