സുഹൃത്ത് റസാഖ് നടനും എം പിയുമായ സുരേഷ്‌ഗോപിയെക്കുറിച്ച് എഴുതിയ കുറിപ്പ് പങ്കുവെച്ച് ഛായാഗ്രഹകന്‍ അഴകപ്പന്‍. റസാഖിന്റെ മകളെയും ഭര്‍ത്താവിനെയും അവരുടെ മാതാപിതാക്കളെയും ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിക്കാന്‍ സുരേഷ്‌ഗോപി ചെയ്ത സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്. സുഹൃത്തിനുവേണ്ടി അഴകപ്പന്‍ എം പിയുടെ സഹായം തേടിയിരുന്നു. റസാഖിനെ നേരിട്ടു പരിചയമില്ലെങ്കിലും പേരും വിവരവും ഒന്നും ചോദിക്കാതെ, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ച് എംബസിയുമായി ബന്ധപ്പെടുകയാണ് നടന്‍ ചെയ്തതെന്ന് പോസ്റ്റില്‍ പറയുന്നു. വിമാന ടിക്കറ്റ് കൈയില്‍ കിട്ടും വരെ അദ്ദേഹം അവരെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. വിവരങ്ങളെല്ലാം അതതു സമയത്ത് താനറിഞ്ഞിരുന്നുവെന്നും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ഇങ്ങനെയുള്ളവരെയാണ് നേതാക്കളായി നമുക്കാവശ്യമെന്നും സുഹൃത്തിന്റെ പോസ്റ്റ് പങ്കുവെച്ച് അഴകപ്പന്‍ പറയുന്നു.

സുരേഷ് ഗോപി എന്ന സിനിമാ നടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷെ അദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടില്‍ നിന്ന് വളരെ ദൂരെയായിരുന്നു. പക്ഷെ സുരേഷ് ഗോപി എന്ന സ്‌നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു. എന്നും നന്മ ചെയ്യാന്‍ വെമ്പുന്ന അദേഹത്തിന്റെ ഹൃദയത്തെ അടുത്തവര്‍ക്കെല്ലാമറിയാം. മനസ്സില്‍ കളങ്കമില്ലാത്തതു കൊണ്ട ്തന്നെ എന്തും തുറന്ന് പറഞ്ഞ് പോകുന്ന, അനീതി കാണുമ്പോള്‍ എതിര്‍ത്തു പോകുന്ന, ആരുടെയെങ്കിലും സങ്കടം കേള്‍ക്കുമ്പോള്‍ കണ്ണ് നനയുന്ന ആ മനുഷ്യസ്‌നേഹിയെ മനുഷ്യനെ ഞാനറിഞ്ഞു. അതൊരു നിധിയാണ്. ഹൃദയത്തിന്റെ വിശാലതയാണ്.

ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി, ഗള്‍ഫില്‍നിന്ന് നാട്ടില്‍ വരാന്‍ കഴിയാതെ ഗര്‍ഭിണിയായ എന്റെ മകള്‍ക്കും അവളുടെ രോഗിയായ ഭര്‍ത്താവിന്റെ ഉപ്പക്കും ഉമ്മക്കും. നാട്ടിലേക്കു വരാന്‍ എംബസിയുമായി നേരിട്ട് ബന്ധപ്പെട്ട്, ഫ്‌ലൈറ്റ് ടിക്കറ്റ് കൈയില്‍ കിട്ടുന്നത് വരെ നിരന്തരം ഫോളോ അപ്പ് ചെയ്ത്, അവളെ നാട്ടിലെത്തിക്കാന്‍ സഹായിച്ച ആ മഹാ മനസ്സിന് ഞാന്‍ നന്ദി എന്ന് പറയില്ല. ആ നന്ദി എന്നും ഒരു പ്രാര്‍ത്ഥനയായി അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഞാനും എന്റെ കുടുംബവും എന്നും മനസ്സില്‍ സൂക്ഷിക്കും. എന്നും ഹൃദയത്തില്‍ പ്രാര്‍ത്ഥനയില്‍ ഉണ്ടായിരിക്കും...

ഇദ്ദേഹത്തെ പോലുള്ള നല്ലവരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നമ്മുടെ രാജ്യത്ത് വളരെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഉണ്ടാവട്ടെ. തീര്‍ച്ചയായും നമ്മുടെ കേരളത്തിനും സുരേഷ് ഗോപിയെ കൊണ്ട് ഒരുപാട് നന്മകള്‍ ഉണ്ടാവും.തീര്‍ച്ച.

alagappan

Content Highlights : cinematographer alagappan narayan shares his friend's note about suresh gopi fb