കോഴിക്കോട് : സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ നിശ്ചലമായിട്ട് വ്യാഴാഴ്ച നൂറുനാള്‍. കോവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനുമുന്നെ തിയേറ്ററുകള്‍ അടച്ചു. മാര്‍ച്ച് പത്തിനാണ് തിയേറ്ററുകളില്‍ അവസാനം സിനിമ പ്രദര്‍ശിപ്പിച്ചത്. കേരളത്തിലുടനീളം 600 സ്‌ക്രീനുകളാണുള്ളത്.

നൂറുനാളായി പ്രദര്‍ശനമില്ലെങ്കിലും തിയേറ്ററുകള്‍ മികച്ചനിലയില്‍ സൂക്ഷിക്കുന്നതിന് ചെലവേറെയാണ്. ആഴ്ചയില്‍ മൂന്നുദിവസം ഒരുമണിക്കൂര്‍വീതം സിനിമ ഓടിക്കണം. മൂന്നുദിവസം എ.സി.യും ജനറേറ്ററുമൊക്കെ പ്രവര്‍ത്തിപ്പിക്കണം. ഇരിപ്പിടങ്ങളില്‍ ഈര്‍പ്പവും പൂപ്പലും പിടിക്കാതെ വൃത്തിയാക്കണം.

വൈദ്യുതിച്ചെലവുമാത്രം മുപ്പതിനായിരത്തോളം രൂപയാകും. കെ.എസ്.ഇ.ബി.ക്കുള്ള ഫിക്സഡ് ചാര്‍ജ് 60,000 രൂപയും. കോവിഡ് പ്രതിസന്ധികാരണം 25 ശതമാനം ഇളവുലഭിച്ചശേഷമുള്ള തുകയാണിത്. ജീവനക്കാരുടെ ശമ്പളം കൊടുക്കാന്‍ രണ്ടരലക്ഷം രൂപയോളം ചെലവുണ്ടെന്നും തിയേറ്റര്‍ ഉടമകള്‍ പറയുന്നു. ആകെ 12,000-ത്തോളം ജീവനക്കാരാണ് തിയേറ്റര്‍ മേഖലയിലുള്ളത്. ഇതിനുപുറമേ, കാന്റീന്‍ നടത്തിപ്പുകാര്‍ മുതല്‍ പോസ്റ്റര്‍ പതിക്കുന്നവര്‍വരെ പതിനായിരത്തോളംപേര്‍ ഈ മേഖലയെ ആശ്രയിക്കുന്നു.

വിഷുവിനെത്തുന്ന വമ്പന്‍ ചിത്രങ്ങള്‍ പ്രതീക്ഷിച്ചിരിക്കെയാണ് തിയേറ്ററുകള്‍ അടച്ചിടേണ്ടിവന്നത്.

വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കുമായി തിയേറ്ററുകാര്‍ നല്‍കിയ അഡ്വാന്‍സ് തുക 20 കോടിയോളം വരും. ഇതും കോവിഡ് കുരുക്കില്‍പ്പെട്ടു.

Content Highlights : cinema theatres still working in kerala 100th day corona virus lockdown