നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സിനിമാ തീയേറ്ററുകൾ വീണ്ടും തുറക്കുമ്പോൾ ആവേശത്തിലാണ് സിനിമാ പ്രേമികളും. ബി​ഗ് സ്ക്രീൻ എക്സ്പീരിയൻസും ആർപ്പു വിളികളും കയ്യടികളും ആഘോഷങ്ങളും വീണ്ടും തിരിച്ചു വരുന്നു. ജയിംസ് ബോണ്ടിന്റെ 'നോ ടൈം ടു ഡൈ' ആണ് ആദ്യമെത്തുന്ന ചിത്രം. ഇതോടൊപ്പം ടോം ഹാർഡി നായകനായെത്തുന്ന 'വെനം: ലെറ്റ് ദേർ ബി കാർനേജും' ഇന്ന് കേരളത്തിലെ സിനിമാ ശാലകളിൽ പ്രദർശനത്തിനുണ്ട്. 

ലോകവ്യാപകമായി റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയാണ് ബോണ്ട് കേരളത്തിലുമെത്തുന്നത്. മറ്റു സംസ്ഥാനങ്ങളിലും ചിത്രത്തിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ജെയിംസ് ബോണ്ടായി വേഷമിട്ട അമ്പത്തിമൂന്നുകാരനായ നടൻ ഡാനിയൽ ക്രെയ്ഗിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബോണ്ട് ചിത്രമാണിത്. ബോണ്ട് ഫ്രാഞ്ചൈസിയിലെ 25ാമത്തെ ചിത്രം കൂടിയാണിത്.

അതേസമയം ഡോമിൻ ഡി സിൽവയുടെ സംവിധാനത്തിൽ ജോജു ജോർജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന  'സ്റ്റാർ' ആണ് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ആദ്യ മലയാള ചിത്രം. അബാം മൂവീസിൻറെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്ന സിനിമ, ഫാമിലി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. ദുൽഖർ ചിത്രം 'കുറുപ്പ്', സുരേഷ് ​ഗോപി നായകനായെത്തുന്ന 'കാവൽ' തുടങ്ങിയ ചിത്രങ്ങളും  നവംബറിൽ തീയേറ്റർ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.  

സിനിമാ പ്രേമികൾ ഏറെ നാളായി ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' ഓടിടിയിൽ പ്രദർശനത്തിനെത്തുമോ എന്നത് ആരാധകരെയും തീയേറ്റർ ഉടമകളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുമുണ്ട്. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.   

തീയേറ്ററുകളിൽ ജീവനക്കാർക്കും പ്രേക്ഷകർക്കും 2 ഡോസ്  വാക്സിൻ പൂർത്തിയായിരിക്കണമെന്ന നിബന്ധനയുണ്ട്.  അൻപത് ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവർത്തനം അനുവദിച്ചിട്ടുള്ളത്. 

content highlights : Cinema Theatres reopened in Kerala James Bond movie to be released first