തൃശ്ശൂർ: അടച്ചുപൂട്ടലാണെങ്കിലും ആളില്ലെങ്കിലും വെള്ളിത്തിരയ്ക്ക് അവധിയില്ല. പൂർണ അവധി കൊടുത്താൽ ഒരു പക്ഷേ പിന്നീട് തുറക്കേണ്ടിവരില്ല. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ സിനിമാ കൊട്ടകകൾ ഇപ്പോഴും പ്രവർത്തിക്കുന്നു; ചില ദിവസങ്ങളിലെങ്കിലും.  ലോക്ഡൗൺ ദിവസങ്ങളിലും മിക്ക സിനിമാശാലകളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചുവരുന്നു. കാഴ്ചക്കാരില്ലാതെ തന്നെയാണ് ഈ പ്രദർശനം.

 തുടർച്ചയായ അടച്ചിടൽ തിയേറ്ററിലെ പ്രൊജക്ടറുകളെയും ശബ്ദസംവിധാനത്തെയും ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരം പ്രദർശനം നടത്തേണ്ടിവരുന്നത്.  ഡിജിറ്റൽ സംവിധാനമാണ് എല്ലാ തിയേറ്ററിലും ഇപ്പോൾ ഉപയോഗിക്കുന്നത്. അത് മൂന്നുദിവസം കൂടുമ്പോഴെങ്കിലും പ്രവർത്തിപ്പിച്ചുനോക്കണം. ഒരു മണിക്കൂറോളം തുടർച്ചയായി ഇങ്ങനെ പ്രദർശനം നടത്താറുണ്ടെന്ന് 48 വർഷം ഈ ജോലിചെയ്യുന്ന ചീഫ് ഓപ്പറേറ്റർ ടി.പി. ജോൺസൺ പറയുന്നു.  

പ്രൊജക്ടർ നിർമിക്കുന്ന കമ്പനിതന്നെ എല്ലാ തിയേറ്ററുകളിലേക്കും ഇത്തരം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലക്ഷങ്ങൾ വിലയുള്ള പ്രൊജക്ടറുകൾ വേണ്ടരീതിയിൽ പരിപാലിക്കുന്നതോടൊപ്പം യു.പി.എസ്. ചാർജ് ചെയ്യണം. സ്ക്രീനുകളും നാശമാകാതെ നോക്കണം.  തുടർച്ചയായി ഇത്രയുംദിവസം അടച്ചിടേണ്ടിവരുന്നത് ആദ്യമായാണെന്ന് കേരളത്തിലെ ആദ്യത്തെ സിനിമാശാലകളിലൊന്നായ ജോസ് തിയേറ്ററിന്റെ മാനേജർ വി.ആർ. വിജയൻ പറയുന്നു.

Content Highlights: cinema theaters closed During Lock down, but movie screening continuous, Covid19, Corona Outbreak Kerala