-
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ദിലീപിനെ നായകനാക്കി ജോണി ആന്റണിയുടെ സംവിധാനത്തിൽ 2003-ൽ പുറത്തിറങ്ങിയ സി.ഐ.ഡി മൂസ. പ്രായഭേദമന്യേ മുതിർന്നവരും കുട്ടികളും ഏറ്റെടുത്ത ചിത്രം ഈ ജൂലൈ നാലിന് പതിനേഴ് വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ പ്രേക്ഷകർക്കും മറ്റു സിനിമാ പ്രവർത്തകർക്കും നന്ദി പറയുകയാണ് സംവിധായകൻ ജോണി ആന്റണി. 17 വർഷം മുന്നേ 2003 ജൂലൈ 4ന് ആണ് സിഐഡി മൂസയും ജോണി ആന്റണി എന്ന സംവിധായകനും പിറവി കൊണ്ടത് . അദ്ദേഹം കുറിക്കുന്നു
ജോണി ആന്റണിയുടെ കുറിപ്പ് :
നമസ്കാരം , ഇന്ന് ജൂലൈ നാല് ... 17 വർഷം മുന്നേ 2003 ജൂലൈ 4ന് ആണ് " CID മൂസ " എന്ന എന്റെ ആദ്യ സിനിമയും ഞാൻ എന്ന സംവിധായകനും പിറവി കൊണ്ടത്. ഈ അവസരത്തിൽ ഞാൻ ആദ്യം ഓർക്കുന്നത് എതൊരു തുടക്കക്കാരന്റെയും ഒരുപാട് നാളത്തെ അലച്ചിലുകൾക്കും കഷ്ടപ്പാടുകൾക്കും ഒടുവിൽ ആദ്യമായി എനിക്ക് ഒരു സിനിമ ചെയ്യാൻ അവസരം തന്ന ദിലീപിനെയും ആ സിനിമ നിർമിക്കാൻ തയ്യാറായ അനൂപിനെയും ആണ്.
അതുപോലെ എന്റെ മനസ്സിനിണങ്ങിയ ഒരു തിരക്കഥ എനിക്ക് നൽകിയ പ്രിയപ്പെട്ട എന്റെ എഴുത്തുകാർ ഉദയനും സിബിയും. മോണിറ്റർ പോലും ഇല്ലാതിരുന്ന കാലത്ത് എന്റെ കണ്ണും മനസ്സും ആയി പ്രവർത്തിച്ച ഗുരുതുല്യനായ പ്രിയപ്പെട്ട ക്യാമറാമാൻ സാലുവേട്ടന്, മികച്ച ചിത്രസംയോജനത്തിലൂടെ ആ വർഷത്തെ സ്റ്റേറ്റ് അവാർഡ് നേടിയ എന്റെ പ്രിയ രഞ്ജൻ എബ്രഹാമിന്, കേൾക്കുന്ന ഏതൊരാളും മൂളിപ്പോകുന്ന തരത്തിൽ ജനകീയമായ ഗാനങ്ങൾ തന്ന് എന്നെ അനുഗ്രഹിച്ച വിദ്യാസാഗർ സാറിനും ഗിരീഷേട്ടനും, ആ പാട്ടുകൾക്ക് അഴകേറുന്ന ചുവടുകൾ സംവിധാനം ചെയ്ത് തന്ന പ്രസന്ന മാസ്റ്റർക്കും , ഈ സിനിമയിലെ ഫൈറ്റ് മാസ്റ്റേഴ്‌സ് ആയ ത്യാഗരാജൻ മാസ്റ്റർക്കും മാഫിയ ശശിയേട്ടനും, നല്ല കലാസംവിധാനത്തിലൂടെ ആ സിനിമയ്ക്ക് ഭംഗി കൂട്ടിയ പ്രിയപെട്ട ബാവയ്ക്ക്, മേക്കപ്പ് ചെയ്‌ത ശങ്കരേട്ടനും, വസ്ത്രാലങ്കാരം നിർവഹിച്ച സായിക്കും മനോജ് ആലപ്പുഴയ്ക്കും, കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ സ്വാധീനം തീരെയില്ലായിരുന്ന ആ കാലത്തും അത്യാധുനിക സാങ്കേതികതയുടെ പുത്തൻ വശങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച കമല കണ്ണന്.
റിലീസിന്റെ ഓട്ടപ്പാച്ചിലിനിടയിൽ വെറും 24 മണിക്കൂർ കൊണ്ട് മിക്സിങ് പൂർത്തിയാക്കി തന്ന AVMലെ രവി സാറിനോട്, ആ സിനിമ സമാധാനമായി പൂർത്തീകരിക്കാൻ എന്നെ സഹായിച്ച പ്രിയപെട്ട ആൽവിൻ ആന്റണിക്കും, ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച മെറിലാൻഡ് യൂണിറ്റിനും പിന്നെ അസാമാന്യമായ അഭിനയ മികവിലൂടെ നിങ്ങളെ പൊട്ടിചിരിപ്പിച്ച കയ്യടിപ്പിച്ച ഇന്ന് നമ്മളെ വിട്ടുപിരിഞ്ഞ മുരളി ചേട്ടൻ, ഹനീഫിക്ക, ക്യാപ്റ്റൻ രാജുച്ചായൻ, ഒടുവിൽ ഉണ്ണികൃഷ്‌ണേട്ടൻ ,സുകുമാരി ചേച്ചി, മച്ചാൻ വർഗീസ്, പറവൂർ ഭരതൻ പിന്നെ അപകടം വരുത്തിയ ആരോഗ്യ സ്ഥിതിയിൽ നിന്ന് എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ എന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന പ്രാർത്ഥിക്കുന്ന നമ്മുടെ പ്രിയപെട്ട അമ്പിളി ചേട്ടന് ( ജഗതി ശ്രീകുമാർ ), പ്രിയപെട്ട ഹരിശ്രീ അശോകൻ ചേട്ടന്, സലിം കുമാർ, ഇന്ദ്രൻസ് ഏട്ടൻ, വിജയരാഘവൻ ചേട്ടൻ, ആശിഷ് വിദ്യാർത്ഥി, ശരത് സക്സേന, ഭാവന, കസാൻ ഖാൻ, സുധീർ, റെയ്‌സ്, ബിന്ദു പണിക്കർ, നാരായണൻ കുട്ടി ചേട്ടൻ എന്നിവരൊടൊപ്പം ഇവരെയൊക്കെ കടത്തി വെട്ടി സ്‌ക്രീനിൽ കയ്യടി നേടിയ ഞങ്ങളുടെ പ്രിയപ്പെട്ട നായക്കുട്ടി അർജുനും.
ഞങ്ങളുടെ സിനിമയെ നല്ല രീതിയിൽ വിതരണം ചെയ്ത ഹംസക്കയ്ക്കും സേവ്യറേട്ടനും, അതുപോലെ ആ സിനിമയെ നന്നായി പ്രദർശിപ്പിച്ച എല്ലാ തിയറ്റർ ഉടമകളോടും എല്ലാത്തിനും പുറമേ CID മൂസ എന്ന സിനിമയെ അന്നും ഇന്നും എന്നും നെഞ്ചിലേറ്റി സൂക്ഷിക്കുന്ന ഓരോ പ്രേക്ഷകർക്കും, പിന്നെ ഞാൻ എന്ന സംവിധായകൻ ഉണ്ടാവണം എന്നും എന്റെ ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ് ആവണം എന്നും ഏറ്റവും അധികം ആഗ്രഹിച്ച എന്നെ സിനിമയിൽ എത്തിച്ച കഴിഞ്ഞ വർഷം നമ്മളെ വിട്ടുപിരിഞ്ഞ എന്റെ പ്രിയപ്പെട്ട ജോക്കുട്ടനും അങ്ങനെ എല്ലാവരോടും ഈ പിറന്നാൾ ദിനത്തിൽ ഹൃദയത്തിൽ തൊട്ടു ഒരിക്കൽ കൂടി ഞാൻ പറയുന്നു ... നന്ദി !!! നന്ദി !!!!! നന്ദി !!!!!!
സ്നേഹത്തോടെ
ജോണി ആന്റണി
Content highlights : CID Moosa completes seventeen years Johny Antony Dileep Harisree Ashokan Jagathy Kochin Haneefa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..