അയ്യപ്പന്റേയും ഈയ്യപ്പന്റേയും പ്രതികാരത്തിന്റെ കഥപറയുന്ന കോമഡി ത്രില്ലര്‍ വെബ് സീരീസ് ചുരുട്ട് ശ്രദ്ധനേടുന്നു. മലയാളത്തിലെ ആദ്യ 4 k വെബ് സീരിസാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സൂത്രന്‍ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. 

പണ്ടെങ്ങോ തനിക്കു നഷ്ടപ്പെട്ടുപോയ വീടും കുടുംബവും തേടി പക തീര്‍ക്കാന്‍ എത്തുന്ന അയ്യപ്പനില്‍ നിന്നാണ് കഥ തുടങ്ങുന്നത്. പിന്നീട് ഈയ്യപ്പന്‍ രംഗപ്രവേശം ചെയ്യുന്നതോടെ കഥയുടെ ഗതിമാറുന്നു. നോണ്‍ ലീനിയര്‍ രീതിയിലാണ് കഥ പറയുന്നത്. പഴയകാല പാലക്കാടന്‍ നാട്ടിന്‍ പുറങ്ങളിലെ തനതായ ഒരു ശൈലിയിലാണ് ചുരുട്ട് നിര്‍മിച്ചിരിക്കുന്നത്. ബ്ലാക്ക്മാജിക് സിനിമ ക്യാമറയില്‍ 6kല്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്.

സിനിമ സ്വപ്നങ്ങളില്‍ ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്ന സാക്ഷാത്കാരം കൂടി ആണ് ചുരുട്ട്. ഒരു കൂട്ടായ്മയില്‍ നിന്നും ഉരുതിരിഞ്ഞുവന്ന ഏകദേശം 35 യുവ കലാകാരെന്മാരെ അണിനിരത്തി പിറവിയെടുത്ത ചുരുട്ട് ഇനിയും ജനഹൃദയങ്ങളിലേക്ക്കുതിച്ചുയരാന്‍ ഉണ്ട്. പത്തുമുതല്‍ പതിനഞ്ചു മിനിറ്റു വരെ നീണ്ടു നില്‍ക്കുന്ന ഓരോ എപ്പിസോഡും പ്രേക്ഷകന് ഒരു നല്ല സിനിമ അനുഭവമായിരിക്കും സമ്മാനിക്കുക- അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

പാലക്കാട്ട് കടംപഴിപ്പുറം, ശ്രീകൃഷ്ണപുരം, അലനെല്ലൂര്‍ എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ചുരുട്ടില്‍ അലനെല്ലൂരിലെ നാട്ടുഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്..

സംവിധാനം-സുഗേഷ് എസ്.ആചാരി, കഥ, തിരക്കഥ- സജാദ് അലനല്ലൂര്‍, ഛായാഗ്രഹണം- ജിജോ ടി.എം, എഡിറ്റിങ്- അജയ് ഘോഷ്, സംഗീതം- എബി ഡേവിഡ്, കല-സത്യന്‍ കോട്ടായി.

Content Highlights: Churuttu, web series, Suthran, Malayalam, Sugesh S Achary, Suresh Kumar Paravoor