ചുരുളി സിനിമയുടെ പോസ്റ്റർ
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സിനിമയ്ക്ക് പോലീസിന്റെ ക്ലീന്‍ ചിറ്റ്. സിനിമ നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും കഥാസന്ദര്‍ഭത്തിന് യോജിച്ച സംഭാഷണങ്ങളാണ് സിനിമയിലുള്ളതെന്നും എഡിജിപി ബി. പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി. സിനിമ കണ്ടശേഷമാണ് ഉന്നത പോലീസ് സംഘം ഇങ്ങനെ വിലയിരുത്തിയത്.
ചുരുളി സിനിമയിലെ ഭാഷാപ്രയോഗം ചൂണ്ടിക്കാട്ടി ചിത്രം ഒ.ടി.ടിയില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് വിഷയം പരിശോധിക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയത്. ഇതിനേത്തുടര്‍ന്നാണ് ബി. പദ്മകുമാര്‍ അധ്യക്ഷനായ സമിതി സിനിമ കാണുകയും പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്. ചുരുളി ഒരുതരത്തിലുമുള്ള നിയമലംഘനവും നടത്തുന്നില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
നാട്ടില്‍ പലവിധ കുറ്റകൃത്യങ്ങള്‍ നടത്തി നിയമത്തില്‍ നിന്ന് രക്ഷപ്പെട്ട് കൊടുംകാട്ടിനുള്ളില്‍ താമസിക്കുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചുരുളിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഥാപാത്രങ്ങള്‍ ദുഷ്കരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. ഈയൊരു സാഹചര്യത്തില്‍ ജീവിക്കുന്നതിനാല്‍ പരുക്കന്‍ ഭാഷയാണ് അവര്‍ ഉപയോഗിക്കുന്നത്. ആ കഥാപാത്രങ്ങക്ഷളുടെ വിശ്വാസ്യതയ്ക്ക് ഈ ഭാഷ അനിവാര്യമാണ്. ഇത് കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യമാണ്. അത് പരിഗണിക്കേണ്ടിവരും.
കൂടാതെ ഒ.ടി.ടി പ്ലാറ്റ്ഫോം എല്ലാവര്ക്കും എളുപ്പം കയറിച്ചെല്ലാവുന്ന പൊതുഇടമല്ല. പൊതുഇടത്തില്‍ ഏതെങ്കിലും തരത്തിലുള്ള മോശം പ്രയോഗങ്ങള്‍ ഉണ്ടെങ്കിലേ അവ നിയമവ്യവസ്ഥയെ ലംഘിക്കുന്നുള്ളൂ. ഇന്റര്‍നെറ്റ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്ത് പണമടച്ച് എത്തേണ്ട പ്ലാറ്റ്ഫോമാണ്. അതൊരു പൊതുസ്ഥലമായി കാണാന്‍ കഴിയില്ലെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.
സെന്‍സര്‍ഷിപ്പ് പോലുള്ള നിയമങ്ങള്‍ ഒ.ടി.ടി സംവിധാനങ്ങള്‍ക്ക് ബാധകമാക്കിയിട്ടില്ല. ഈ സിനിമ തുടങ്ങുന്നതിന് മുമ്പ് ചിത്രത്തില്‍ വയലന്‍സും മോശം പദപ്രയോഗങ്ങളുമുണ്ടെന്നും പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാനുള്ളതാണ് എന്നുമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ നിയമം ലംഘിക്കുന്ന ഒന്നും ചുരുളി സിനിമയിലില്ല എന്നും സമിതി കണ്ടെത്തി.
പോലീസ് റിപ്പോര്‍ട്ട് വന്നതോടെ ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.
Content Highlights : Police clean chit for Churuli movie directed by Lijo Jose Pellissery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..