-
കൊച്ചി: സിനിമാ സംവിധായകരുടെ കലാപരമായ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പോലീസിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.
കലാപരമായ സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്നുവെന്ന പരാതി ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കീഴുദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവി കര്‍ശനനിര്‍ദേശം നല്‍കണം. ആവശ്യമെങ്കില്‍ ക്രിമിനല്‍ കേസ് പോലും രജിസ്റ്റര്‍ചെയ്യാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു.
'ചുരുളി' സിനിമ ഒ.ടി.ടി. പ്ലാറ്റ് ഫോമില്‍നിന്ന് നീക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്‍ദേശം. സിനിമ കാണാത്തവരാണ് ചുരുളിയിലെ ഭാഷ തെറിയും അശ്ലീലവുമാണെന്ന് അഭിപ്രായപ്പെടുന്നത്. ഹര്‍ജിക്കാരിയും സിനിമ കണ്ടിട്ടില്ലെന്നുവേണം കരുതാന്‍. ശ്രദ്ധ ആകര്‍ഷിക്കാന്‍വേണ്ടിയാണ് ഹര്‍ജി നല്‍കിയതെന്നും സംശയിക്കണം. പിഴയോടുകൂടി തള്ളുകയാണ് ചെയ്യേണ്ടത്. എന്നാല്‍, അത് ഒഴിവാക്കുകയാണെന്നും ഉത്തരവില്‍ പറയുന്നു.
തൃശ്ശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആയിരുന്നു ഹര്‍ജി നല്‍കിയത്.
നിയമത്തില്‍നിന്ന് ഒളിച്ചോടിയവരുടെ കഥയാണ് ചുരുളി
നിയമത്തില്‍നിന്ന് ഒളിച്ചോടിയവരുടെ കഥയാണ് 'ചുരുളി' എന്ന സിനിമയില്‍ പറയുന്നതെന്ന് കോടതി നിരീക്ഷിച്ചു. അവര്‍ സഭ്യമായ ഭാഷയിലേ സംസാരിക്കാവൂ എന്ന് പറയാനാകില്ല. ചലച്ചിത്രകാരന് അദ്ദേഹത്തിന്റെ കലാപരമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. തീര്‍ച്ചയായും അത് ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിക്കുള്ളിലാകണം.ചുരുളിയില്‍ നിയമത്തെ മറികടക്കുന്ന ഒന്നുമില്ലെന്നാണ് പോലീസ് നല്കിയ റിപ്പോര്‍ട്ട്. അതിനാല്‍ സിനിമ ഒ.ടി.ടി.യില്നിന്ന് നീക്കംചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല.
സിനിമയുടെ ഭാഷയുടെപേരില്‍ കോടതി ഇടപെടാന്‍ തുടങ്ങിയാല്‍ അവസാനമുണ്ടാകില്ല. 'ചുരുളി ഭാഷ' എന്നൊരു പ്രയോഗംതന്നെ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. സിനിമകണ്ട് മനസ്സിലാകാത്തവരാണ് ഇത്തരത്തില്‍ അഭിപ്രായങ്ങള്‍ പറയുന്നതെന്നും കോടതി വിലയിരുത്തി.
Content Highlights: Churuli Movie High court rejects plea asking removal of Movie Soni Liv
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..