Photo | Facebook, Vinay Forrt
തിരുവനന്തപുരം : ഒ.ടി.ടി.യിൽ പ്രദർശിപ്പിക്കുന്ന സിനിമ ‘ചുരുളി’യെ കോടതിയിൽ സെൻസർ ബോർഡ് കൈയൊഴിഞ്ഞേക്കും. ഒ.ടി.ടി.യിലുള്ളത് തങ്ങൾ അംഗീകാരം നൽകിയ പതിപ്പല്ലെന്നു നേരത്തേത്തന്നെ സെൻസർ ബോർഡ് വ്യക്തമാക്കിയിരുന്നു. ഈ നിലപാട് തിരുത്താൻ സാധ്യത കുറവാണ്.
ഭാഷസംബന്ധിച്ച് കോടതി കടുത്തനിലപാടെടുത്താൻ ഒ.ടി.ടി.യിൽ റിലീസിങ്ങിന് സെൻസറിങ് വേണോ മാർഗരേഖ ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങൾ സർക്കാരിന് പരിഗണിക്കേണ്ടിവരും. പുതിയ സിനിമാനയത്തിന്റെ ചർച്ച നടക്കുന്നുണ്ടെങ്കിലും ഒ.ടി.ടി. നിയമത്തെപ്പറ്റി ആലോചനകളൊന്നും സാംസ്കാരികവകുപ്പ് നടത്തിയിട്ടില്ലെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.
ചുരുളിക്കെതിരായ കേസിൽ സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, സിനിമയെച്ചൊല്ലി വിവാദം ഉണ്ടായപ്പോൾത്തന്നെ അനുയോജ്യമായ മാറ്റങ്ങളോടെ മുതിർന്നവർക്കുള്ള സർട്ടിഫിക്കറ്റ് (എ) ചുരുളിക്കു നൽകിയിട്ടുണ്ടെന്നും ഒ.ടി.ടി.യിൽ കാണിക്കുന്ന സിനിമ തങ്ങൾ സർട്ടിഫൈ ചെയ്ത പതിപ്പല്ലെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ മേഖലാ ഓഫീസർ വി. പാർവതി പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
ഒ.ടി.ടി. റിലീസിന് നിലവിൽ സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. കോവിഡ് കാലത്തെ അടച്ചിടൽ സമയത്ത് ഒ.ടി.ടി.യിൽ പ്രദർശിപ്പിക്കാൻ സെൻസറിങ്ങിന് തിയേറ്റർ ആവശ്യപ്പെട്ട് ഒട്ടേറെ നിർമാതാക്കൾ സമീപിച്ചിരുന്നെന്നും തിയേറ്ററുകൾ വിട്ടുനൽകിയെന്നും കേരള ചലച്ചിത്രവികസന കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എൻ. മായ പറഞ്ഞു.
സംഭാഷണത്തിൽ ആദ്യന്തമുള്ള അശ്ലീല പ്രയോഗമാണ് ചുരുളിയെ കോടതിയിലെത്തിച്ചത്. വ്യവസ്ഥാപിതമായി കിട്ടിയ ഇടം ഉപയോഗിക്കുകമാത്രമാണ് സംവിധായകൻ ചെയ്തതെന്ന് ഡോക്യുമെന്ററി സംവിധായകനും ഫിലിം ഡിവിഷൻ ഈസ്റ്റേൺ റീജൺ മേധാവിയുമായ ജോഷി ജോസഫ് പ്രതികരിച്ചു.
Content Highlights : Churuli movie controversy, Censor Board, Lijo Jose Pellissery, Vinay Forrt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..