
ക്രിസ്മസ് റിലീസിനെത്തുന്ന ചിത്രങ്ങൾ
ഇത്തവണത്തെ ക്രിസ്മസ് മലയാളസിനിമയ്ക്ക് വളരെ സ്പെഷ്യലാണ്. കാരണം ഒന്നരവർഷത്തിലേറെ നീണ്ട കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ അവധിക്കാലം പുത്തൻ റിലീസുകളുടെ പൂക്കാലംകൂടിയാവുകയാണ്. ഒരുപിടി സിനിമകളാണ് ഡിസംബർ 23,24 തീയതികളിലായി തീയേറ്ററുകളിലും ഓടിടി പ്ലാറ്റ്ഫോമുകളിലുമായി റിലീസിനെത്തുന്നത്.
പെപ്പയുടെ അജഗജാന്തരം
ആന്റണി വർഗീസ് നായകനാവുന്ന പുതിയ ചിത്രം അജഗജാന്തരമാണ് ക്രിസ്മസ് റിലീസായി ആദ്യം തീയേറ്ററുകളിലെത്തുന്ന ചിത്രം. ഡിസംബർ 23ന് ചിത്രം പ്രദർശനത്തിനെത്തും. സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന് ചിത്രത്തിന് ശേഷം ആന്റണിയെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അർജുൻ അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലുക്മാൻ, സാബു മോൻ, ജാഫർ ഇടുക്കി, വിജിലേഷ്, കിച്ചു ടെല്ലസ് എന്നിവരും താരനിരയിലുണ്ട്. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീതസംവിധാനം. ജിന്റോ ജോർജ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫ്, അജിത്ത് തലപ്പിള്ളി എന്നിവരാണ് അജഗജാന്തരം നിർമ്മിച്ചിരിക്കുന്നത്.
ലാൽജോസിന്റെ മ്യാവൂ
സൗബിൻ സാഹിർ,മംമ്ത മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' ഡിസംബർ 24ന് തീയേറ്ററുകളിലെത്തുന്നു. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ. ഗൾഫിൽ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന മ്യാവൂ പൂർണമായും യു.എ.ഇയിലാണ് ചിത്രീകരിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ്സ് തിരുവല്ല നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മൽ ബാബു നിർവഹിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ്സ് സംഗീതം പകരുന്നു.
ആസിഫ് അലിയുടെ കുഞ്ഞെൽദോ
ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോയും ഡിസംബർ 24ന് തീയേറ്ററുകളിൽ എത്തുകയാണ്. മാത്തുക്കുട്ടി തന്നെ രചന നിർവഹിക്കുന്ന ചിത്രം ലിറ്റിൽ ബിഗ് ഫിലിംസിൻറെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് 'കുഞ്ഞെൽദോ'യുടെ ക്രിയേറ്റീവ് ഡയറക്ടർ. ഷാൻ റഹ്മാനാണ് സംഗീതം. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. സംഗീതം ഷാൻ റഹ്മാൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ. വിതരണം സെഞ്ചുറി ഫിലിംസ് റിലീസ്.
രൺവീറിന്റെ 83
1983ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയൊരുക്കിയ 83 ഡിസംബർ 24ന് പ്രദർശനത്തിനെത്തുന്നു. കബീർ ഖാൻ സംവിധാനവും നിർമാണവും നിർവഹിക്കുന്ന 83 ബഹുഭാഷാ ചിത്രമായാണ് അണിയിച്ചൊരുക്കുന്നത്. ചിത്രത്തിൽ കപിൽ ദേവായി വേഷമിടുന്നത് രൺവീർ സിംഗാണ്. താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർണ, ചിരാഗ് പാട്ടിൽ, ദിൻകർ ശർമ, നിഷാന്ത് ദാഹിയ, ഹാർഡി സന്ധു, സഹിൽ ഖട്ടർ, അമ്മി വിർക്, ആദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ. ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര.
കപിൽ ദേവിന്റെ ഭാര്യ റോമിയായി അതിഥി റോളിൽ ദീപിക പദുകോണാണ് എത്തുന്നത്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.
മിന്നലടിപ്പിക്കാൻ മിന്നൽ മുരളി
പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന സൂപ്പർഹീറോ ചിത്രം ഡിസംബർ 24ന് ഓടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിനെത്തും. ടൊവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളി മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങും. ഫെമിന ജോർജ്, അജു വർഗീസ്, ഹരിശ്രീ അശോകൻ, ഗുരു സോമസുന്ദരം,മാമുക്കോയ,ബിജുക്കുട്ടൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനും സുഷിൻ ശ്യാമുമാണ് സംഗീതം.
മധുരം നിറക്കാൻ മധുരവും എത്തുന്നു
ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ എന്നിവർ മുഖ്യവേഷത്തിലെത്തുന്ന മധുരം ഡിസംബർ 24ന് സോണി ലിവ് ഓടിടി പ്ലാറ്റ്ഫോമിലൂടെ പ്രദർശനത്തിനെത്തും. ജൂൺ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് കബീർ കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മധുരം. അർജുൻ അശോകൻ, നിഖില വിമൽ, ജഗദീഷ്, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആഷിഖ് ഐമർ, ഫാഹിം സഫർ എന്നിവരുടേതാണ് തിരക്കഥ.
ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ചാർലി 777
രക്ഷിത് ഷെട്ടി നായകനായെത്തുന്ന 777 ചാർലി ഡിസംബർ 31നാണ് പ്രദർശനത്തിനെത്തുന്നത്. കോമഡി അഡ്വഞ്ചർ ചിത്രമായി ഒരുക്കുന്ന 777 ചാർളിയിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു നായയാണ്. ധർമ എന്ന കഥാപാത്രമായാണ് രക്ഷിത് എത്തുന്നത്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരൺ രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മലയാള പതിപ്പിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.
ജിബൂട്ടി എത്തുന്നു 31ന്
അമിത് ചക്കാലയ്ക്കൽ നായകനായെത്തുന്ന ജിബൂട്ടി ഡിസംബർ 31ന് പ്രദർശനത്തിനെത്തും. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്സൽ കരുനാഗപ്പള്ളിയാണ്. ശകുൻ ജെസ്വാളാണ് അമിത്തിന്റെ നായികയായി എത്തുന്നത്. തമിഴ് നടൻ കിഷോർ, ദിലീഷ് പോത്തൻ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, നസീർ സംക്രാന്തി, ഗീത, സുനിൽ സുഖദ, ബിജു സോപാനം,, ബേബി ജോർജ്, പൗളി വത്സൻ, അഞ്ജലി നായർ, ജയശ്രീ, ആതിര ഹരികുമാർ തുടങ്ങി മറ്റു താരനിരകളും സിനിമയിൽ ഒന്നിക്കുന്നു.
Content Highlights : Christmas releases New Movies 2021 theatre and OTT releases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..