ക്രിസ്മസ് റിലീസ് ചിത്രങ്ങളുടെ പോസ്റ്ററുകൾ
ആർപ്പും ആരവവുമായി വീണ്ടും ഒരു ആഘോഷക്കാലം. ഇത്തവണത്തെ ക്രിസ്മസ് മലയാളസിനിമയ്ക്ക് വളരെ സ്പെഷ്യലാണ്. കാരണം ഒന്നരവർഷത്തിലേറെ നീണ്ട കോവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ആദ്യ അവധിക്കാലം പുത്തൻ റിലീസുകളുടെ പൂക്കാലംകൂടിയാവുകയാണ്. ദുൽഖർ സൽമാന്റെ ‘കുറുപ്പും’ മോഹൻലാലിന്റെ ‘മരക്കാറും’ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ തിരിച്ചെത്തിച്ച ആവേശത്തിൽ ഒരുപിടി സിനിമകളാണ് ഈ ക്രിസ്മസ് കാലത്ത് ബോക്സോഫീസ് നിറയ്ക്കാൻ എത്തുന്നത്.
അതിൽ നിവിൻ പോളി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘തുറമുഖം’ മുതൽ അല്ലു അർജുൻ നായകനാകുന്ന അന്യഭാഷാ ചിത്രം ‘പുഷ്പ’ വരെയുണ്ട്. നിവിൻ പോളി, ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വർഗീസ് പെപ്പെ, സൗബിൻ ഷാഹിർ തുടങ്ങി ഇടവേളയ്ക്ക് ശേഷം യുവതാരചിത്രങ്ങൾ ഒന്നിച്ച് തിയേറ്ററിൽ എത്തുകയാണ് ഈ ക്രിസ്മസ് കാലത്ത്.
യൂത്താണ് ആഘോഷം
ക്രിസ്മസ് ചിത്രങ്ങളിലെ വൻ റിലീസുകളിലൊന്ന് നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്ത ‘തുറമുഖം’ തന്നെയാണ്. തെക്കേപ്പാട്ട് ഫിലിംസ് നിർമിക്കുന്ന ചിത്രം കൊച്ചി തുറമുഖത്ത് നടന്ന യഥാർഥസംഭവത്തെ ആധാരമാക്കിയാണ് കഥപറയുന്നത്. നിമിഷാ സജയൻ, ഇന്ദ്രജിത്ത്, ജോജു ജോർജ്, അർജുൻ അശോകൻ, പൂർണിമ, മണികണ്ഠൻ ആചാരി തുടങ്ങി വൻതാരനിരതന്നെ ചിത്രത്തിലുണ്ട്. സുകുമാർ തെക്കേപ്പാട്ടാണ് നിർമാണം. സംവിധായകനായ രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.
‘സ്വാതന്ത്ര്യം അർധരാത്രിയിൽ’ എന്ന ചിത്രത്തിനുശേഷം ആന്റണി വർഗീസ് പെപ്പെയും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന ‘അജഗജാന്തരം’ ആണ് മറ്റൊരു ശ്രദ്ധേയ റിലീസ്. പൂരപ്പറമ്പിലേക്കെത്തുന്ന ഒരുകൂട്ടം യുവാക്കളും ആനയും പാപ്പാനും അവരെ ചുറ്റിപ്പറ്റി 24 മണിക്കൂറിനുള്ളിൽ നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷൻ രംഗങ്ങൾക്ക് വളരെ പ്രാധാന്യം നൽകിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, സുധി കോപ്പ, ലുക്മാൻ എന്നിവർക്കൊപ്പം ചിത്രത്തിന്റെ തിരക്കഥാകൃത്തുകളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിൽവർബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്നാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
കാമ്പസ് പശ്ചാത്തലമാക്കി കളർഫുൾ കഥയുമായാണ് ആസിഫ് അലി നായകനാകുന്ന ‘കുഞ്ഞെൽദോ’ തിയേറ്ററിലേക്കെത്തുന്നത്. ആർ.ജെ. മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ വിനീത് ശ്രീനിവാസനാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണയും സുവിൻ വർക്കിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖം ഗോപിക ഉദയൻ നായികയാവുന്നു. സുധീഷ്, സിദ്ധിഖ്, അർജുൻ ഗോപാൽ, നിസ്താർ സേട്ട്, രാജേഷ് ശർമ, കോട്ടയം പ്രദീപ്, മിഥുൻ എം. ദാസ്, കൃതികാ പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. രഞ്ജൻ എബ്രഹാമാണ് ചിത്രസംയോജനം. സന്തോഷ് വർമ, അശ്വതി ശ്രീകാന്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു.
കടൽ കടന്ന് ലാൽജോസ്
‘ഡയമണ്ട് നെക്ലേസി’ന് ശേഷം ഒരിക്കൽ കൂടി ലാൽജോസ് അറബിനാട്ടിൽനിന്ന് കഥ പറയുന്ന ചിത്രമാണ് ‘മ്യാവൂ’. സൗബിൻ ഷാഹിർ, മംമതാ മോഹൻദാസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ്. സലിംകുമാർ, ഹരിശ്രീ യൂസഫ് എന്നിവർക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരൻ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിർമാണം. ഛായാഗ്രഹണം അജ്മൽ ബാബു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. വിതരണം: എൽ.ജെ. ഫിലിംസ്.
ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ ചിത്രീകരിച്ച റൊമാന്റിക് ആക്ഷൻ ത്രില്ലറായ ‘ജിബൂട്ടി’യും ക്രിസ്മസ്കാലത്ത് തിയേറ്ററിലെത്തുന്നുണ്ട്. അമിത് ചക്കാലയ്ക്കൽ നായകനാവുന്ന ചിത്രം എസ്.ജെ. സിനുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബ്ലൂഹിൽ നെയ്ൽ കമ്യൂണിക്കേഷന്റെ ബാനറിൽ വ്യവസായി ജോബി പി. സാമാണ് നിർമാണം. പഞ്ചാബി സ്വദേശിനി ശകുൻ ജസ്വാൾ ആണ് നായിക. ദിലീഷ് പോത്തൻ, ഗ്രിഗറി, രോഹിത് മഗ്ഗു, അലൻസിയർ, ഗീത, സുനിൽ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സൻ, മാസ്റ്റർ ഡാവിഞ്ചി, സ്മിനു സിജോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ക്രിസ്മസ് കാലത്തെ ഒ.ടി.ടി. റിലീസുകളിലെ ശ്രദ്ധേയചിത്രം ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രം ‘മിന്നൽ മുരളി’ തന്നെയാണ്. ടൊവിനോ തോമസിനൊപ്പം ശ്രദ്ധേയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന് മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട്.
ജൂണിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ‘മധുര’വും ഒ.ടി.ടി. റിലീസായി ക്രിസ്മസിന് പ്രേക്ഷകരിലേക്കെത്തുന്നു. ജോജു ജോർജ്, അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘മധുരം’ ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ദിലീപിനെ നായകനാക്കി നാദിർഷ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥ’നാണ് ശ്രദ്ധേയമായ മറ്റൊരു ക്രിസ്തുമസ് ചിത്രം.
തരംഗമാകാൻ ‘പുഷ്പ’
അല്ലു അർജുൻ സിനിമകൾക്ക് എന്നും വലിയ മാർക്കറ്റുള്ള കേരളത്തിൽ വൻ റിലീസാണ് ‘പുഷ്പ’ പ്ലാൻ ചെയ്യുന്നത്. രണ്ടുഭാഗങ്ങളിലായി ഒരുങ്ങുന്ന ‘പുഷ്പ’യുടെ ആദ്യഭാഗമാണ് ക്രിസ്മസിന് മുന്നോടിയായി തിയേറ്ററിലെത്തുക. മലയാളി താരം ഫഹദ് ഫാസിൽ ‘പുഷ്പ’യിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.
ഇന്ത്യൻ കായികചരിത്രത്തെ അടിമുടി മാറ്റിമറിച്ച 1983 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയത്തെ അടിസ്ഥാനമാക്കി കഥപറയുന്ന ബോളിവുഡ് ചിത്രം ‘83’ ഉം ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തുന്നുണ്ട്. ബഹുഭാഷാ റിലീസായി എത്തുന്ന ചിത്രത്തിൽ രൺവീർ കപൂർ, ദീപികാ പദുകോൺ അടക്കം വൻതാരനിരയുണ്ട്. കബീർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രം ബോളിവുഡിലെ പ്രധാന ക്രിസ്മസ് റിലീസാണ്.
Content Highlights : Christmas movie releases Pushpa Kunjeldho Thuramukham
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..