കൂൾ ജയന്ത്
ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ പ്രമുഖ നൃത്തസംവിധായകൻ കൂൾ ജയന്ത് (ജയരാജ്-52) അന്തരിച്ചു. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ 10-ന് ചെന്നൈ വടപളനിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ 800-ഓളം സിനിമകൾക്ക് നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്. നൃത്തസംവിധായകരായ പ്രഭുദേവ, രാജു സുന്ദരം എന്നിവരുടെ സഹായിയായാണ് കൂൾ ജയന്ത് സിനിമയിലെത്തുന്നത്. 1996-ൽ കെ.ടി. കുഞ്ഞുമോൻ നിർമിച്ച് കതിർ സംവിധാനം ചെയ്ത ‘കാതൽദേശം’ എന്ന ചിത്രത്തിൽ സ്വതന്ത്ര നൃത്തസംവിധായകനായി. ഇതിലെ ‘മുസ്തഫ മുസ്തഫ’, ‘കല്ലൂരി സാലൈ’ എന്നീ പാട്ടുകളും ഗാനരംഗങ്ങളും ഹിറ്റായതോടെ കൂടുതൽ അവസരങ്ങൾ ലഭിച്ചു.
മലയാളത്തിൽ ‘ബാംബു ബോയ്സ്’ ആണ് ആദ്യ ചിത്രം. തുടർന്ന് ‘മയിലാട്ടം’, ‘കല്യാണക്കുറിമാനം’, ‘മായാവി’, ‘അണ്ണാറക്കണ്ണനും തന്നാലായത്’, ‘പാച്ചുവും കോവാലനും’, ‘എബ്രഹാം ലിങ്കൺ’, ‘ഗൃഹനാഥൻ’, ‘101 വെഡ്ഡിങ്സ്’, ‘ലക്കി സ്റ്റാർ’, ‘കൊന്തയും പൂണൂലും’, ‘തീറ്റ റപ്പായി’, ‘തൊമ്മനും മക്കളും’, ‘ഫ്രണ്ട്സ്’ തുടങ്ങി നിരവധി ചിത്രങ്ങളിൽ നൃത്തസംവിധായകനായി. തമിഴിൽ ‘കോഴിരാജ’ ഉൾപ്പെടെ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
Content Highlights: Choreographer actor Cool Jayanth passed away, Tamil Malayalam, Cinema, dance master
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..