വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് വിക്രം. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഏതറ്റം വരെയുള്ള മെയ്‌ക്കോവറും ചെയ്യാന്‍ ഒരുക്കമാണ് താരം. അന്യന്‍, 'ഐ' തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം.

ഇപ്പോള്‍ വീണ്ടും കിടിലന്‍ വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാന്‍ എത്തുകയാണ് താരം. തന്റെ പുതിയ ചിത്രത്തില്‍ 25 വ്യത്യസ്ത വേഷങ്ങളിലാണ് ചിയാന്‍ വിക്രം പ്രത്യക്ഷപ്പെടുക.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത് ഈ വ്യത്യസ്ത ഗെറ്റപ്പുകളാണ്.

നയന്‍താര നായികയായെത്തിയ ഇമൈക്ക നൊടികള്‍ ഒരുക്കിയ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്. താരത്തിന്റെ 58-ാമത്തെ ചിത്രമാണിത്. പ്രിയ ഭവാനി ശങ്കര്‍ ആകും വിക്രമിന്റെ നായികയായെത്തുക.

ചിത്രത്തിന് പേരിട്ടിട്ടില്ല. 7 സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം18 സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വത്തിന് മുന്‍പ് ഈ പ്രോജക്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മള്‍ട്ടി സ്റ്റാര്‍ ചിത്രമായി ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വത്തില്‍ ഐശ്വര്യ റായ്, വിജയ് സേതുപതി തുടങ്ങിയവരും വേഷമിടുന്നുണ്ട്. 

Content Highlights : Chiyaan Vikram to play 25 roles in his next directed by Ajay Gnanamuthu