തെലുങ്കിലെ സൂപ്പർസ്റ്റാർ ചിരഞ്ജീവി നായകനായ ‘ഭോലാ ശങ്കറി’ലെ റോൾ നടി സായി പല്ലവി നിരസിച്ചത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ, ആ വേഷം നിരസിച്ചതിന് സായി പല്ലവിയോട് നന്ദി പറഞ്ഞിരിക്കുകയാണ് ചിരഞ്ജീവി. നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രിവ്യൂ ഷോ ചടങ്ങിലാണ് സായിയോട് നന്ദി പറയുന്നതിലുള്ള രസകരമായ കാരണം ചിരഞ്ജീവി വ്യക്തമാക്കിയത്. 

മെഹർ രമേശ് സംവിധാനം ചെയ്ത ഭോലാ ശങ്കർ അജിത് നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം വേതാളത്തിന്റെ റീമേക്ക് ആണ്. ചിത്രത്തിൽ ചിരഞ്ജീവി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ സഹോദരി വേഷത്തിലേക്കാണ് സായ് പല്ലവിക്ക് ക്ഷണം വന്നത്. 

സായ് പല്ലവി ഓഫർ നിരസിക്കണം എന്ന് താൻ ആഗ്രഹിച്ചിരുന്നതായും സായിയെ പോലെ ഒരു താരത്തിന്റെ സഹോദരനായി അഭിനയിക്കുന്നതിലും ഇഷ്ടം നായകനായി അഭിനയിക്കുന്നതാണെന്നും ചിരഞ്ജീവി പറഞ്ഞു. 

"ഭോലാ ശങ്കറിൽ എന്റെ സഹോദരിയുടെ വേഷം ചെയ്യാനാണ് സായ് പല്ലവിയെ ക്ഷണിച്ചത്. അവർ ആ അവസരം നിഷേധിച്ചതിൽ ഞാൻ സന്തോഷവാനാണ്, കാരണം അവർക്കൊപ്പം ഒരു റൊമാന്റിക് ചിത്രം ചെയ്യാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. അവരോടൊപ്പം ഡ്യുവറ്റ് ചെയ്യണം. എന്റെ സഹോദരിയുടെ വേഷം ചെയ്യുന്നത് ആ അവസരം നശിപ്പിച്ചേനെ..." ചിരഞ്ജീവി പറഞ്ഞു.

തനിക്ക് റീമേക്ക് സിനിമകളിൽ അഭിനയിക്കുന്നതിൽ പേടിയുണ്ടെന്നും അതുകൊണ്ടാണ്‌  ഓഫർ നിരസിച്ചതെന്നും സായി അതേ വേദിയിൽ മറുപടി നൽകി. അതല്ലാതെ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനുള്ള അവസരം താൻ നിഷേധിക്കില്ലെന്നും എവിടെ പോയാലും ചിരഞ്ജീവിയെ കണ്ടുമുട്ടാനാവുമോ എന്നാണ് താൻ അന്വേഷിക്കാറുള്ളതെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിക്കുന്നത് വലിയ അം​ഗീകാരമായാണ് താൻ കാണുന്നതെന്നും സായ് വ്യക്തമാക്കി. 

ശേഖർ കമൂലയാണ് ലവ് സ്റ്റോറി സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ 24ന് തീയേറ്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. 

Content Highlights : Chiranjeevis thanks Sai Pallavi for rejecting role in Bhola Shankar, actress reveals the reason