തെലുഗു സൂപ്പര്‍ താരം ചിരഞ്ജീവി വെബ് സീരിസില്‍ വേഷമിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അഹ നിര്‍മിക്കുന്ന വെബ് സീരിസിലൂടെയാവും ചിരഞ്ജീവിയുടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്കുള്ള കാല്‍വെയ്‌പ്പെന്നുമാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ചിരഞ്ജീവിയുടെ മരുമകനും നടന്‍ അല്ലു അര്‍ജുന്റെ പിതാവുമായ അല്ലു അരവിന്ദിന്റെ ഗീത ആര്‍ട്ട്‌സ് എന്ന പ്രൊഡ്ക്ഷന്‍ കമ്പനിയുടെ തന്നെ ഒരു ഭാഗമാണ് അഹ. വെബ് സീരിസില്‍ ചിരഞ്ജീവിയാണ് പ്രധാന വേഷത്തിലെത്തുന്നതും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഈ കാര്യം പ്രൊഡ്ക്ഷന്‍ ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ലോക്ക്ഡൗണിന് ശേഷം മാത്രമേ ഇതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയൂവെന്നും അവര്‍ അറിയിച്ചു.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയാണ് ചിരഞ്ജീവിയുടെ ചിത്രീകരണത്തിലുള്ള സിനിമ. ലോക്ക്ഡൗണ്‍ കാരണം തത്കാലം ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ അത് കഴിഞ്ഞുമാത്രമേ ഇതിന്റെ ജോലികള്‍ തുടങ്ങാന്‍ സാധിക്കൂ. തിരു ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ നായികാവേഷം ചെയ്യുന്നത് ദക്ഷിണേന്ത്യന്‍ താരം തൃഷയാണ്.

Content Highlights: Chiranjeevi to be part of web series says report