ലൂസിഫറിന് പിന്നാലെ മറ്റൊരു റീമേയ്ക്കിലും നായകനാകാനൊരുങ്ങി ചിരഞ്ജീവി. അജിത്ത് നായകനായത്തിയ തമിഴിലെ സൂപ്പർഹിറ്റ് ചിത്രം വേതാളത്തിന്റെ റീമെയ്ക്കിൽ നായകനാകാൻ ചിരഞ്ജീവി സമ്മതം അറിയിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ആ​ഗസ്റ്റ് 22ന് താരത്തിന്റെ ജന്മദിനത്തിന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

മെഹർ രമേശാണ് ചിത്രം സംവിധാനം ചെയ്യുന്നത്.എ.കെ എന്റർടെയ്ൻമെന്റ്സാകും ചിത്രം നിർമിക്കുക. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും.

മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് എത്തുമെന്നും റീമേക്കിനുള്ള പകർപ്പാവകാശം തെന്നിന്ത്യൻ താരം ചിരഞ്ജീവി നിർമ്മാതാക്കളിൽ നിന്നും വാങ്ങിയെന്നും വാർത്ത പുറത്ത് വന്നിട്ട് കാലമേറെയായി. തെലുങ്ക് റീമേക്കിൽ മോഹൻലാൽ അഭിനയിച്ച റോളിൽ ചിരഞ്ജീവി എത്തുമെന്നും ചിത്രം സംവിധാനം ചെയ്യുന്നത് സുജീത് ആയിരിക്കുമെന്നും വാർത്ത വന്നു. എന്നാൽ തെലുങ്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് തിരക്കഥയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിൽ ചിരഞ്ജീവി തൃപ്തനല്ലെന്നും അതിനാൽ ഈ പ്രോജക്ട് യാഥാർഥ്യമാവാൻ കാലതാമസം ഉണ്ടാവുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ലൂസിഫർ തെലുങ്ക് റീമേക്കിൽ മലയാളത്തിൽ മഞ്ജുവാര്യർ അഭിനയിച്ച പ്രിയദർശിനി രാമദാസിന്റെ റോളിലെത്തുന്നത് സുഹാസിനി മണിരത്നം ആയിരിക്കുമെന്നും വില്ലൻ ബോബിയാകുന്നത് റഹ്മാനാണെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. കോനിഡെലാ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ രാം ചരണാണ് ചിത്രം നിർമിക്കുന്നത്.

Content Highlights : Chiranjeevi To Act In Telugu Remake Of Tamil Movie Vedhalam Starring Ajith