കൊർത്തല ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ചിരഞ്ജീവിയാണ് നായകൻ. നവംബറില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിന് വേണ്ടി നായികയ്ക്കു വേണ്ടിയുള്ള തിരച്ചിലിലാണ് സംവിധായകന്‍. 

നായികയുടെ കാര്യത്തില്‍ ചിരഞ്ജീവി ഒരു നിബന്ധന വച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ ടോളിവുഡില്‍ നിന്നു വരുന്ന വാര്‍ത്തകള്‍. ചെറുപ്പക്കാരികളായ നടിമാരെ ചിത്രത്തിനു വേണ്ടി പരിഗണിക്കേണ്ടെന്നും അവര്‍ക്കൊപ്പം പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ചിരഞ്ജീവി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന നായികമാരെയാണ് ചിത്രത്തിന് വേണ്ടി പരിഗണിക്കുന്നത്. സിനിമ വിട്ട് സീരിയലിലേക്ക് ചേക്കേറിയ നടിമാരെയും കൊരട്ടാല ശിവ ചിത്രത്തിനായി സമീപിച്ചിട്ടുണ്ട്. കോനിഡെല പ്രൊഡക്ഷനും മാറ്റ്‌നി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 2019ൽ പുറത്തിറങ്ങും.

മൂന്ന് ഭാഷകളില്‍ പുറത്തിറങ്ങുന്ന സൈറാ നരസിംഹ റെഡ്ഡിയാണ് ചിരഞ്ജീവി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന ചിത്രം. താരത്തിന്റെ മകനും നടനുമായ രാംചരണാണ് ചിത്രം നിര്‍മിക്കുന്നത്. സുന്ദര്‍ റെഡ്ഡിയാണ് സംവിധാനം. നയന്‍താര, അമിതാഭ് ബച്ചന്‍, തമന്ന, ജഗപതി ബാബു, അല്ലു അര്‍ജുന്‍ എന്നിവരാണ് മറ്റ് പ്രധാനതാരങ്ങള്‍.

Content Highlights: Chiranjeevi says no to young actresses Sye Raa Narasimha Reddy korattala shiva movie