മേഘ്നയുടെ കുഞ്ഞ്, മേഘ്ന രാജ് Photo | https:||www.instagram.com|meghsraj.chiru|
ഒരുപാട് പ്രത്യേകതകളുമായാണ് മേഘ്ന രാജിന്റെയും അകാലത്തിൽ പൊലിഞ്ഞ ചിരഞ്ജീവി സർജയുടെയും കടിഞ്ഞൂൽ കൺമണിയുടെ ജനനം. മൂന്ന് വർഷം മുമ്പ് ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം ഉറപ്പിച്ചത്. ചിരഞ്ജീവി സർജയുടെ പുനർജന്മമാണ് ഇതെന്ന് ആരാധകരും വിശ്വസിക്കുന്നു.
തീരാസങ്കടങ്ങൾക്കിടെ വലിയ സന്തോഷം നൽകിയാണ് സർജ കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തിയത്. സർജ കുടുംബത്തിനും മേഘ്നയുടെ കുടുംബത്തിനും ഒരുപാട് പ്രത്യേകതയുള്ള ദിവസമാണ് കുഞ്ഞിന്റെ ജനനമെന്ന് പറയുകയാണ് മേഘ്നയുടെ അച്ഛൻ സുന്ദർ രാജ്.
ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ സർജയുടെയും ജന്മദിനം ഒക്ടോബർ മാസമാണ്. ജൂനിയർ ചിരു വന്നെത്തിയതും ഒരു ഒക്ടോബർ മാസത്തിൽ തന്നെ. കൂടാതെ ഒരു ഒക്ടോബർ 22 നാണ് മേഘ്നയുടെയും ചിരുവിന്റെയും വിവാഹനിശ്ചയം നടന്നതും.
"മൂന്ന് വർഷം മുമ്പ് ഇതേ ദിവസമാണ് ചിരുവിന്റെയും മേഘ്നയുടെയും വിവാഹം ഉറപ്പിക്കുന്നത്. ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃച്ഛികതയുമാണ്. എന്റെ മരുമകനെ ഈ ലോകത്തിലേക്ക് വീണ്ടും സ്വാഗതം ചെയ്ത ദിവസമാണിത്..കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്നയുടെ അരികിൽ വച്ചിരുന്നു. അവൻ ജനിച്ച ഉടൻ ചിരുവിെനയാണ് ഞങ്ങൾ ആദ്യം കാണിച്ചത്.’–മേഘ്നയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
മേഘ്നയും ചിരുവും കൂടി തിരഞ്ഞെടുത്ത ആശുപത്രിയിലായിരുന്നു പ്രസവം. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് തന്നെ അവന്റെ വരവ് എങ്ങനെയെല്ലാം ആഘോഷിക്കണമെന്ന് ചിരു സ്വപ്നം കണ്ടിരുന്നുവെന്ന് മേഘ്ന ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചിരു വിട്ടകന്നെങ്കിലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മേഘ്നയുടെ ബേബി ഷവർ ചടങ്ങുകൾ കുടുംബാംഗങ്ങൾ സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. പ്രിയ ചിരുവിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ ഉണ്ടാവാതിരിക്കാൻ അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന വലിയ കട്ടൗട്ടും വേദിയിൽ സ്ഥാപിച്ചു.
ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്നാണ് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ വിടവാങ്ങുന്നത് . കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോഗം. ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്ന ഇപ്പോൾ താമസിക്കുന്നത്. .
Content Highlights : Chiranjeevi Sarja Meghna Raj Baby Junior Chiru is born on his parents engagement anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..