ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം ആചാര്യയിൽ  നിന്നും നടി തൃഷ കൃഷ്ണൻ പിന്മാറിയത് വാർത്തയായിരുന്നു. തൃഷ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അഭിപ്രായ വ്യത്യാസങ്ങൾ മൂലം ചിത്രത്തിൽ നിന്ന് പിന്മാറുന്നുവെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. 

എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ചിരഞ്ജീവി. തന്റെ അറിവിൽ അത്തരം അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്നും മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കാനാണ് തൃഷ ആചാര്യയിൽ നിന്നും പിന്മാറിയതെന്നും ചിരഞ്ജീവി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"തൃഷയുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് ഞാനെൻെറ ടീമിനോട് ചോദിച്ചിരുന്നു. എന്റെ മകൾ സുഷ്മിത തൃഷയ്ക്കുള്ള വസ്ത്രങ്ങൾ ഒരുക്കിയിരുന്നു, അവർ ചിത്രത്തിൽ നിന്നും പിന്മാറി എന്നറിഞ്ഞ് ഞാൻ സത്യത്തിൽ ഞെട്ടിപ്പോയി, പിന്നീടാണ് ഞാൻ അറിഞ്ഞത് അവർ മണിരത്നത്തിന്റെ ചിത്രത്തിനായി കരാർ ഒപ്പിട്ടെന്നും ആവശ്യത്തിൽ കവിഞ്ഞ ഡേറ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും. അതുകൊണ്ടാണ് അവർ ആചാര്യ വേണ്ടെന്ന് വച്ചത്. അല്ലാതെ ആർക്കും തൃഷയുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല". ചിരഞ്ജീവി പ്രതികരിച്ചു. 

2006ല്‍ എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സ്റ്റാലിനു ശേഷം തൃഷയും ചിരഞ്ജീവിയും ഒന്നിക്കുമായിരുന്ന ചിത്രമായിരുന്നു ആചാര്യ. കോടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡെല പ്രൊഡക്ഷന്‍ കമ്പനിയും മാറ്റിനി എന്റര്‍ടെയിന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മണി ശര്‍മ്മയാണ് സംഗീത സംവിധാനം. 140 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നടി റെജീന കസാന്‍ഡ്ര ഒരു പാട്ടുരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ അഭിനയിക്കാനായി അണിയറപ്രവര്‍ത്തകര്‍ മഹേഷ് ബാബുവിനെയും സമീപിക്കാനിരിക്കയാണ്.

അതേസമയം മണിരത്നം ഒരുക്കുന്ന ബി​ഗ് ബഡ്ജറ്റ് ചിത്രം പൊന്നിയിൻ സെൽവത്തിൽ തൃഷ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

Content Highlights : Chiranjeevi on Trisha's exit from Acharya says it was for maniratnam's movie