കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ചലച്ചിത്ര പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകാനുള്ള പദ്ധതിയുമായി തെലുങ്ക് നടൻ ചിരഞ്ജീവി. ചിരഞ്ജീവി നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റി അപ്പോളോ 247-മായി ചേർന്നാണ് വാക്സിൻ നൽകുന്നത്. 

ഏപ്രിൽ 22 മുതൽ വാക്സിൻ നൽകി തുടങ്ങും. ഒരു മാസത്തോളം വിതരണം നീണ്ടു നിൽക്കും.. 45 വയസിന് മുകളിലുള്ള തെലുങ്ക് മാധ്യമപ്രവർത്തകർക്കും ചലച്ചിത്ര  പ്രവർത്തകർക്കുമാണ് കൊവിഡ് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ പങ്കാളികൾക്കും വാക്സിൻ സ്വീകരിക്കാൻ അവസരമുണ്ടാകുമെന്നും താരം ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിലൂടെ വ്യക്തമാക്കി. 

തെലുങ്ക് സിനിമാ മേഖലയിലെ പ്രവർത്തകരെ സഹായിക്കുന്നതിനായി കഴിഞ്ഞ വർഷമാണ് കൊറോണ ക്രൈസിസ് ചാരിറ്റിക്ക് ചിരഞ്ജീവി രൂപം നൽകിയത്. ലോക്ക്ഡൗൺ ഉണ്ടായിരുന്ന സമയത്ത് ജോലിയില്ലാതെ പ്രതിസന്ധിയിലിയിപ്പോയ സിനിമാ പ്രവർത്തകർക്ക് സഹായം നൽകാൻ ഈ സംഘടനയുടെ പ്രവർത്തനത്തിലേക്ക് പല തെലുങ്ക് നടീ നടന്മാരും സംഭാവന നൽകിയിരുന്നു. 

Content Highlights : Chiranjeevi announces free Covid vaccination for cinema workers and journalists