തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയ്ക്ക് കോവിഡ് ഫലം പോസിറ്റീവായത് വാർത്തയായിരുന്നു. എന്നാൽ തനിക്ക് കോവിഡ് ഇല്ലെന്നും പോസിറ്റീവ് ഫലം ആർടിപിസിആർ കിറ്റിന്റെ പിഴവാണെന്നും വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ.

മൂന്ന് തവണ ഡോക്ടർമാർ ടെസ്റ്റ് ചെയ്തപ്പോഴും താൻ നെഗറ്ററിവാണെന്നും ആരാധകരോട് നന്ദി അറിയിക്കുവെന്നും ചിരഞ്ജീവി ട്വിറ്ററിൽ കുറിച്ചു.

"ഒരു കൂട്ടം ഡോക്ടർമാർ മൂന്ന് വ്യത്യസ്ത പരിശോധനകൾ നടത്തി ഞാൻ കോവിഡ് നെ​ഗറ്റീവാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. ആദ്യം പുറത്ത് വന്ന പോസിറ്റീവ് ഫലം ആർടിപിസിആർ കിറ്റിന്റെ പിഴവ് മൂലമാകാമെന്നും അവർ പറയുന്നു. നിങ്ങളുടെ ക്ഷേമാന്വേഷണങ്ങൾക്കും സ്നേഹത്തിനും ഞാൻ നന്ദി അറിയിക്കുന്നു...." ചിരഞ്ജീവി ട്വീറ്റ് ചെയ്തു.

ആചാര്യ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് പോസിറ്റീവാണെന്ന ഫലം പുറത്ത് വന്നത്.ഇതിന് പിന്നാലെ താൻ നിലവിൽ വീട്ടിൽ ക്വാറന്റീനിലാണെന്നും താനുമായി സമ്പർമുണ്ടായവർ നിരീക്ഷണത്തിൽ പോകണമെന്നും വ്യക്തമാക്കി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. 

Content Highlights : Chiranjeevi covid positive result Fault of RTPCR kit reveals the actor