പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേ ഗായിക ചിന്‍മയി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രതികരണവുമായി ചിന്‍മയിയുടെ അമ്മ ടി.പത്മഹാസിനി. സ്വിറ്റ്‌സര്‍ലാന്റിലുള്ള ശ്രീലങ്കന്‍ തമിഴ് അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു സംഗീത നിശക്കിടെയാണ് തനിക്ക് വൈരമുത്തുവില്‍ നിന്ന് ദുരനുഭവം ഉണ്ടായതെന്ന് ചിന്‍മയി വെളിപ്പെടുത്തിയിരുന്നു. ചിന്‍മയി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും സംഭവം അറിഞ്ഞപ്പോള്‍ മകളെ തിരിച്ചയക്കാന്‍ താന്‍ സംഘാടകരോട് ആവശ്യപ്പെട്ടുവെന്നും പത്മഹാസിനി പറഞ്ഞു. 
  
ഹോട്ടല്‍ മുറിയില്‍ ചെന്ന് വൈരമുത്തുവിനെ കാണണമെന്നും അദ്ദേഹവുമായി സഹകരിക്കണമെന്നും സംഘാടകരില്‍ ഒരാള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. വിസമ്മതിച്ചാല്‍ അതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ചിന്‍മയി ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ ചര്‍ച്ചയായതോടെ കൂടുതല്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിൻമയിയുടെ അമ്മയായ പത്മഹാസിനി.

"2005 ല്‍ ആയിരുന്നു സംഭവം. ചിന്‍മയി അവളുടെ കരിയറിന്റെ തുടക്കക്കാലത്തായിരുന്നു അപ്പോള്‍. എനിക്കവളെ സംരക്ഷിക്കണമായിരുന്നു. ഞാന്‍ വിഷയം അറിഞ്ഞപ്പോള്‍ തന്നെ വൈരമുത്തുവിന്റെ മാനേജരെ വിളിച്ചു. പിന്നീട് സംഘാടകരെയും. എത്രയും പെട്ടന്ന് അവളെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. 

ഞാന്‍ പഴയതലമുറയിലുള്ള ഒരാളാണ്. അവളുടെ സ്വപ്‌നങ്ങള്‍ എന്തു തന്നെയായാലും ഞാന്‍ പിന്തുണച്ചിരുന്നു. ഇപ്പോഴും അവള്‍ക്കൊപ്പം തന്നെ. മീ ടൂ മൂവ്‌മെന്റ് ഇനിയും കരുത്താര്‍ജ്ജിക്കണം. വേട്ടക്കാര്‍ ഭയക്കണം", പത്മഹാസിനി പറഞ്ഞു.

വളരെക്കുറച്ച് ആളുകള്‍ മാത്രമേ തമിഴ്‌സിനിമാ മേഖലയില്‍ നിന്ന് അവള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുള്ളൂ. അതില്‍ അത്ഭുതമില്ല, സിനിമാലോകം അങ്ങനെയാണ്', പത്മഹാസിനി കൂട്ടിച്ചേര്‍ത്തൂ.