കമൽ ഹാസൻ, ചിന്മയി | ഫോട്ടോ: എ.എൻ.ഐ, www.instagram.com/chinmayisripaada/
ഡൽഹി ജന്തർ മന്ദറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി രംഗത്തെത്തിയ നടൻ കമൽഹാസനെതിരെ വിമർശനവുമായി ഗായിക ചിന്മയി ശ്രീപദ. തമിഴ് സിനിമാ മേഖലയിൽ കഴിഞ്ഞ അഞ്ചുവർഷമായി താൻ നേരിടുന്ന വിലക്കിനെതിരെ കമൽഹാസൻ ഒരുവാക്കുപോലും പറഞ്ഞില്ലെന്ന് അവർ കുറ്റപ്പെടുത്തി. ഗുസ്തിതാരങ്ങൾക്ക് പിന്തുണയറിയിച്ച് കമൽ ഹാസൻ ചെയ്ത ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി വിമർശനമുന്നയിച്ചത്.
റെസ്‌ലിങ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നടപടിയാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം കഴിഞ്ഞദിവസമാണ് ഒരുമാസം പിന്നിട്ടത്. ഇത് സൂചിപ്പിച്ചുകൊണ്ടായിരുന്നു കമൽ ഹാസന്റെ ട്വീറ്റ്. നാടിന്റെ യശസ്സിനുവേണ്ടി പോരാടേണ്ടതിന് പകരം സ്വന്തം സുരക്ഷയ്ക്കുവേണ്ടി പോരാടാൻ നമ്മൾ അവരെ നിർബന്ധിതരാക്കിയിരിക്കുന്നു. എന്നാണ് കമൽ ട്വീറ്റ് ചെയ്തത്. സ്റ്റാൻഡ് വിത് മൈ ചാമ്പ്യൻസ്, റെസ് ലേഴ്സ് പ്രൊട്ടസ്റ്റ് എന്നാ ഹാഷ്ടാഗുകളും അദ്ദേഹം കുറിപ്പിനൊപ്പം ചേർത്തിരുന്നു.
ഇത് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി കമൽ ഹാസനെതിരെ ശബ്ദമുയർത്തിയിരിക്കുന്നത്. ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയതിന്റെ പേരിൽ തമിഴ്നാട്ടിൽ ഒരു ഗായികയ്ക്ക് കഴിഞ്ഞ അഞ്ചുവർഷമായി നേരിട്ടുകൊണ്ടിരിക്കുന്ന വിലക്കിനെതിരെ ഒരു ശബ്ദം പോലും കമൽ ഉയർത്തിയിട്ടില്ലെന്നാണ് ചിന്മയിയുടെ വിമർശനം. മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുമ്പോൾ സ്ത്രീ സുരക്ഷക്ക് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കുമെന്ന് അവർ ചോദിക്കുന്നു.
2018-ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ൽ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്‌സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്. ഇത് തമിഴ് സംഗീതമേഖലയെത്തന്നെ പിടിച്ചുലച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചുവെങ്കിലും അദ്ദേഹം കള്ളംപറയുകയാണെന്ന് ചിന്മയി മറുപടിയായി പറഞ്ഞിരുന്നു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കകാല വ്യക്തികളിലൊരാളാണ് ചിന്മയി.
വൈരമുത്തുവിനെതിരെയുള്ള ആരോപണത്തേത്തുടർന്ന് സൗത്ത് ഇന്ത്യൻ സിനി ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയൻ ചിന്മയിയെ സിനിമയിൽ നിന്ന് വിലക്കുകയായിരുന്നു. അഞ്ചുവർഷമായി ഈ വിലക്ക് തുടരുകയാണ്.
Content Highlights: chinmayi sripada against kamal haasan, ban on chinmayi, wrestlers protest delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..