-
തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണങ്ങളുയര്‍ത്തി വാര്‍ത്തയില്‍ ഇടം നേടിയ ഗായികയാണ് ചിന്മയി. വൈരമുത്തുവില്നിന്നു പീഡനശ്രമമുണ്ടായതായി തുറന്നു പറഞ്ഞതോടെ രാജ്യം മുഴുവന്‍ ചിന്മയിയുടെ വാക്കുകളെ വീക്ഷിച്ചു തുടങ്ങി. ഇപ്പോഴിതാ മീ ടൂ ആരോപണങ്ങളുടെ വെളിച്ചത്തില്‍ ഹോളിവുഡ് നിര്‍മ്മാതാവ് ഹര്വെ വെയ്ന്‍സ്റ്റെയിനെ 23 വര്‍ഷം തടവുശിക്ഷ വിധിച്ച വാര്‍ത്തയില്‍ ചിന്മയിയുടെ പ്രതികരണം വാര്‍ത്തയാവുകയാണ്.
'വെയ്ന്സ്റ്റെയ്ന് ഇന്ത്യയില്‍ ജനിക്കണമായിരുന്നു. പ്രത്യേകിച്ച് തമിഴ്നാട്ടില്‍. സിനിമാതാരങ്ങള്ക്കൊപ്പവും രാഷ്ട്രീയക്കാര്‍ക്കൊപ്പവും പാര്‍ട്ടികളില്‍ പങ്കുകൊണ്ട് അടിച്ചുപൊളിച്ച് ഇപ്പോള്‍ ഇങ്ങനെ നടക്കുന്നുണ്ടാകും. രാഷ്ട്രീയ പാര്‍ട്ടികളുടെ നൂറു ശതമാനം പിന്തുണയോടെ.' ചിന്മയി ട്വീറ്റ് ചെയ്തു. വെയ്ന്‍സ്റ്റെയ്നെ ജയിലിലേക്ക് അയക്കാന്‍ കാരണക്കാരായ സ്ത്രീകളും അവര്‍ക്കൊപ്പം നിന്ന മാധ്യമങ്ങളും പ്രതീക്ഷ നല്‍കുന്നുവെന്നും നിങ്ങളാണ് നായകരെന്നും ചിന്മയി പോസ്റ്റിലൂടെ പറയുന്നു. കൈലാഷ് ഖേറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഗായിക സോന മൊഹപത്രയുടെ ട്വീറ്റും ചിന്മയി ഷെയര്‍ ചെയ്തിട്ടുണ്ട്.
മിറാമാക്സ് സ്റ്റുഡിയോയുടെ സ്ഥാപകനും ഹോളിവുഡ് സിനിമ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റെനിനെ 23 വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചിരുന്നു. ലൈംഗിക പീഡന കേസിലാണ് ശിക്ഷ വിധിച്ചത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി മുഴങ്ങിക്കേള്‍ക്കുന്ന മീ ടൂ ആരോപണങ്ങളില്‍ പ്രധാനമായും ചര്‍ച്ചയായ പേരായിരുന്നു 67കാരനായ വെയ്ന്‍സ്റ്റെയ്ന്റേത്. നടിമാരായ ആഞ്ജലിന ജോളി, ലൂസിയ ഇവാന്‍സ്, സല്‍മ ഹയെക്ക് എന്നവരടക്കം 12-ല്‍ അധികം സ്ത്രീകളാണ് വെയ്ന്സ്റ്റെന് ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് രംഗത്ത് വന്നത്.
Content Highlights : chinmayi sreepada tweet on harvey weinstein and vairamuthu me too allegations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..