കൊച്ചി: ഒരുവിധപ്പെട്ട വില്ലന്മാരെയൊക്കെ പാട്ടുംപാടി മെരുക്കിയ ആളാണ് സെയ്ഫ് അലി ഖാന്. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിന് ഒരു പാട്ട് തന്നെ വില്ലനായാലോ. സെയ്ഫ് എന്നല്ല, ആരും സുല്ലിടും. ഫോര്‍ട്ട് കൊച്ചിയില്‍ രാജാകൃഷ്ണ മേനോന്റെ ഷെഫ് എന്ന ചിത്രത്തിനിടെ സംഭവിച്ചത് അതാണ്. ഒരു പാട്ട് കാരണം ഷൂട്ടിങ് തന്നെ നിര്‍ത്തിവയ്ക്കേണ്ടിവന്നു.
അക്ഷയ് കുമാറിന്റെ എയര്‍ലിഫ്റ്റിനുശേഷം, മലയാളിയായ രാജാകൃഷ്ണ മേനോന് സെയ്ഫിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണ് ഷെഫ്. ഫോര്‍ട്ട് കൊച്ചിയിലായിരുന്നു ചിത്രീകരണം. ഇതിനുവേണ്ടി കോര്‍പ്പറേഷനില്‍ നിന്ന് മുന്‍കൂര്‍ അനുമതിയും വാങ്ങിയിരുന്നു. എന്നാല്‍ സകല തയ്യാറെടുപ്പുകളുമായി സെയ്ഫും സംഘവും ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ അവതാളത്തിലായി. സമീപത്തെ ഒരു ആയുര്‍വേദ സ്പാക്കാരനാണ് ഇവിടെ വില്ലന്വേഷമണിഞ്ഞത്.
സ്പായില്‍ നിന്നുള്ള തട്ടുപൊളിപ്പന്‍ പാട്ടിന്റെ ശബ്ദം കാരണം ചിത്രീകരണത്തിന്റെ സ്പോട്ട് ഡബ്ബിങ് നടത്താന്‍ കഴിയാതെയായി. ഷൂട്ടിങ് മുടങ്ങിയതോടെ സിനിമാപ്രവര്‍ത്തകര്‍ പോയി കണ്ടെങ്കിലും സ്പാ ഉടമ വഴങ്ങാന്‍ ഒരുക്കമായിരുന്നില്ല. പിന്നീട് സിനിമാക്കാര് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസെത്തിയിട്ടും പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ സ്പാക്കാര് തയ്യാറായില്ല.
ഇതിനിടെ സഹികെട്ട സെയ്ഫ് അലി ഖാന് അണിയറപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചു. ഒടുവില്‍, ഒരുപാട് പാട്ടുകള്‍ക്കൊപ്പം ചുവടുവച്ചിട്ടുള്ള ബോളിവുഡിന്റെ സൂപ്പര്‍താരത്തിന് ഷൂട്ടിങ് മുടക്കിയ പാട്ടിനൊപ്പം താളംപിടിച്ച് രോഷമടക്കാതെ തരമില്ലെന്നായി. ഒരു പാട്ട് കാരണം ഷൂട്ടിങ് മുടങ്ങുന്നത് കണ്ടാണ് ഒടുവില്‍ സെയ്ഫ് ഹോട്ടലിലേയ്ക്ക് മടങ്ങിയത്.
റോഷന് എന്ന ഒരു പ്രൊഫഷണല്‍ ഷെഫിനെയാണ് സെയ്ഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അവധിക്ക് കൊച്ചിയിലെ വീട്ടിലേയ്ക്ക് വരുന്ന രംഗങ്ങളായിരുന്നു ഫോര്‍ട്ട് കൊച്ചിയില്‍ വച്ച് ചിത്രീകരിക്കേണ്ടിയിരുന്നത്. പത്മപ്രിയയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഒരു ഭരതനാട്യം നര്‍ത്തകിയാണ് പത്മപ്രിയ ഇതില്‍.