ഞ്ജു വാര്യരും സണ്ണി വെയ്‌നും മുഖ്യകഥാപാത്രങ്ങളാകുന്ന ഹൊറര്‍ ചിത്രം 'ചതുര്‍മുഖം' തീയേറ്ററില്‍ത്തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ജിസ് ടോംസ്‌. മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''ഏതാണ്ട് അഞ്ചരക്കോടി രൂപ ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ഗ്രാഫിക്‌സ് ജോലികള്‍ക്ക് മാത്രം 50 ലക്ഷം ചെലവായിട്ടുണ്ട്. ആമേന്‍, 9 പോലുള്ള ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ള അഭിനന്ദന്‍ രാമാനുജനാണ് ചതുര്‍മുഖത്തിന്റേയും ഛായാഗ്രഹണം. കൂടാതെ സിനിമാ മേഖലയില്‍ത്തന്നെയുള്ള ഏറ്റവും മികച്ച സാങ്കേതികവിദഗ്ധരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇത്രയും ജോലി ചെയ്തിട്ട് തീയേറ്ററില്‍ ഇറങ്ങാതെ ഓണ്‍ലൈനില്‍ മാത്രം റിലീസ് ചെയ്താല്‍ അതിന്റെ ആസ്വാദനം പൂര്‍ണമാവില്ല.'' ജിസ് ടോംസ്‌ പറയുന്നു.  

തീയേറ്ററുകള്‍ തുറക്കാന്‍ കാത്തിരിക്കുകയാണ്. വേറെ വഴിയില്ലെങ്കില്‍ മാത്രമേ ഒ.ടി.ടി റിലീസിനായി ശ്രമിക്കൂ. തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ലഭിക്കാനാണ് കാത്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ അവസാനഘട്ടത്തിലാണ്. ഏപ്രില്‍ 20-ന് റിലീസ് ചെയ്യാനായിരുന്നു ഉദ്ദേശിച്ചത്. പിന്നെ അത് മേയ് ഒന്നിലേക്ക് മാറ്റി. ഇനി തീയേറ്ററുകള്‍ തുറന്നിട്ട് വേണം പുതിയ റിലീസ് തിയതി നിശ്ചയിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Chathurmukham, Malayalam New Horror Movie, Sunny Wayne, Manju Warrier