കൊച്ചി: നിങ്ങള്‍ക്ക് വിദ്യാഭ്യാസമുള്ളതുകൊണ്ടാണ് പ്രേംനസീറിനെ മുഖ്യമന്ത്രിയാക്കാഞ്ഞതെന്ന് തമിഴ്‌നടന്‍ ചാരുഹാസന്‍. കൃതി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ചാരുഹാസന്‍.

മലയാളികള്‍ സ്‌കൂളില്‍ പോയപ്പോള്‍ തമിഴ്‌നാട്ടുകാര്‍ സിനിമാ തിയ്യറ്ററുകളിലേക്കായിരുന്നു പോയത്. ഞാന്‍ സിനിമയില്‍ വരുന്ന കാലത്ത് തമിഴ്‌നാട്ടില്‍ 3,000 തിയ്യറ്ററുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ മൊത്തം 10,000 മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ഓര്‍ക്കണം. രാജ്യത്തെ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകളുള്ള തമിഴ്‌നാട്ടില്‍ 30 ശതമാനം തിയ്യറ്ററുകളുണ്ടായിരുന്നു.

ദക്ഷിണേന്ത്യയില്‍ പൊതുവേ ഇത് കൂടുതലായിരുന്നു. കേരളത്തില്‍ 1,200, കര്‍ണാടകത്തില്‍ 1,400. ഭാഗ്യവശാല്‍ നിങ്ങള്‍ക്കിവിടെ സ്‌കൂളുകളുണ്ടായിരുന്നു. നിങ്ങള്‍ സ്‌കൂളില്‍പ്പോയി. തമിഴ്‌നാട്ടുകാര്‍ വികാരത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ്. ഇന്ത്യ പൊതുവിലും അങ്ങനെ തന്നെ. എന്നാല്‍, കേരളീയര്‍ വിദ്യാസമ്പന്നരാണ്. അവര്‍ വികാരത്തിനല്ല പ്രാധാന്യം കൊടുക്കുന്നതെന്നും ചാരുഹാസന്‍ പറഞ്ഞു.

കമലഹാസന്‍ നിരീശ്വരവാദിയായിട്ടുണ്ടെങ്കില്‍ അത് തന്റെ സ്വാധീനത്തില്‍ സംഭവിച്ചാതാകാമെന്ന് ചാരുഹാസന്‍ പറഞ്ഞു. ദൈവം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, നിരീശ്വരവാദം പ്രചരിപ്പിക്കാനൊന്നും ഞാനില്ല. എല്ലാവര്‍ക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ടാകണമെന്ന് ചാരുഹാസന്‍ പറഞ്ഞു.

Content Highlights: Charuhasan PremNazir Malayalam Movie Tamil Cinema Politics And Cinema