ലയാളത്തിന്റെ മുഖശ്രീയായിരുന്നു ഒരു കാലത്ത് നടി ചാര്‍മിള. കുട്ടിത്തം വിട്ടുമാറാത്ത മുഖവുമായി വന്ന് സൗന്ദര്യം കൊണ്ട് മലയാളത്തിന്റെ മനസ്സ് കീഴടക്കിയ നായിക. പക്ഷേ, മറ്റു പല മുന്‍ഗാമികളെയും പോലെ വെള്ളിത്തിരയ്ക്ക് പുറത്ത് ജീവിതം ചാര്‍മിളയ്ക്കും കാത്തുവച്ചത് വലിയ ദുരന്തം തന്നെയായിരുന്നു. സമ്പന്നതയില്‍ ജനിച്ചുവീണു, ധനവും അങ്കിള്‍ ബണ്ണും കേളിയും കാബൂളിവാലയും പോലുള്ള ഹിറ്റ് ചിത്രങ്ങളില്‍ തകര്‍ത്തഭിനയിച്ചു. എന്നിട്ടും വേദനയും വിഷാദവും കഷ്ടപ്പാടുകളും മാത്രമായി ചാര്‍മിളയ്ക്ക് കൂട്ട്.

മുമ്പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. പക്ഷേ, ഇന്നെനിക്ക് അതിനാവില്ല. കിടപ്പിലായ അമ്മയുണ്ട്.  മകനുണ്ട്. അവരെ രണ്ടുപേരെയും പട്ടിണിക്കിടാന്‍ എനിക്കാവില്ല-ഒരു സിനിമാവാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചാര്‍മിള പറഞ്ഞു.

എനിക്ക് സംഭവിച്ചത് അവനുണ്ടാകരുത്. കഷ്ടപ്പാടുകള്‍ അറിഞ്ഞ് അവനും വളരട്ടെ. നടന്‍ വിശാലാണ് മകന്റെ പഠിപ്പിനുള്ള ചെലവ് നല്‍കിയിരുന്നത്. അടുത്തിടെ അതും മുടങ്ങി. മകനെ പഠിപ്പിച്ച് ഒരു കരയ്‌ക്കെത്തിക്കണം. നഷ്ടപ്പെട്ട വീടും സ്ഥലവും തിരിച്ചെടുക്കണം.

കുഴപ്പങ്ങള്‍ കാണിച്ചു നടന്ന സമയത്ത് പോലും സംവിധായകര്‍ എനിക്ക് അവസരങ്ങള്‍ തന്നു. ഇന്ന് പ്രശ്‌നങ്ങളില്‍ പെടാതെ ജോലിയില്‍ മാത്രം ശ്രദ്ധിച്ചു നടക്കുന്ന സമയമാണ്. എന്നിട്ടും എന്നെ വച്ച് സിനിമ ചെയ്ത മുതിര്‍ന്ന സംവിധായകര്‍ പോലും വിളിക്കുന്നില്ല. അവര്‍ക്കറിയില്ലല്ലോ എന്ന നിസ്സഹായാവസ്ഥ. എനിക്ക് ഒരു അഭ്യര്‍ഥന മാത്രമേയുള്ളൂ. ദയവായി സിനിമയില്‍ ഒരു അവസരം തരൂ-ചാര്‍മിള അഭിമുഖത്തില്‍ പറഞ്ഞു.

നല്ല കാലത്ത് തനിക്ക് ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ലെന്നും ചാര്‍മിള പറഞ്ഞു. പ്രതിഫലം വാങ്ങി ഏതെങ്കിലും വിദേശ രാജ്യത്തേയ്ക്ക് പറക്കും. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഭക്ഷണവും. ഷോപ്പിങ്ങും. അതായിരുന്നു ലൈഫ് സ്‌റ്റൈല്‍. രാജേഷുമായുള്ള വിവാഹമാണ് എല്ലാം തകര്‍ത്തത്. അയാള്‍ക്കുവേണ്ടി വീടും സ്ഥലവും വില്‍ക്കേണ്ടിവന്നു. എല്ലാ തകര്‍ച്ചകള്‍ക്കുശേഷവും ഞാന്‍ മിച്ചം പിടിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെട്ടതാണ് ജീവിതത്തിലെ വലിയ പരാജയം. അതാണ് എന്നെ ഡിപ്രഷണിലേക്ക് തള്ളിവിട്ടത്. അതിനെ തുടര്‍ന്നാണ് എന്റെ ശരീരം ക്ഷീണിക്കാനും മുടി കൊഴിയാനും തുടങ്ങിയത്-ചാര്‍മിള പറഞ്ഞു.

Content Highlights: Charmila Malayalam Actress Malayalam Movie