അനുരാഗ് ഠാക്കൂർ | ഫോട്ടോ: പി.ടി.ഐ
ന്യൂഡല്‍ഹി: ഓ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ഓ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീലതയും അസഭ്യതയും വര്‍ധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സംസ്‌കാരശൂന്യത അനുവദിക്കില്ല. ആവശ്യമെങ്കില്‍ നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
നാഗ്പുരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അനുരാഗ് ഠാക്കൂര്‍ ഓ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. സര്‍ഗ്ഗാത്മകതയുടെ പേരിലുള്ള അസഭ്യത ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഓ.ടി.ടി. പ്ലാറ്റ്‌ഫോമുകളില്‍ സഭ്യമല്ലാത്തതും അശ്ലീലം നിറഞ്ഞതുമായ ഉള്ളടക്കം വര്‍ധിച്ചുവരുന്നു എന്ന പരാതി സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇതു സംബന്ധിച്ച ചട്ടങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് മന്ത്രാലയം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് സര്‍ഗ്ഗാത്മകതയ്ക്കാണ് സ്വാതന്ത്ര്യം നല്‍കിയത്. അല്ലാതെ അശ്ലീലമോ അസഭ്യതയോ പ്രദര്‍ശിപ്പിക്കാനല്ല. ഒരു പരിധി കടക്കുമ്പോള്‍, സര്‍ഗ്ഗാത്മകതയുടെ പേരിലുള്ള അസഭ്യത അംഗീകരിക്കാനാവില്ല. ഇതില്‍ ശക്തമായ നടപടി സ്വീകരിക്കും- അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
'കോളേജ് റൊമാന്‍സ്' എന്ന വെബ് സീരീസിനെതിരെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് അനുരാഗ് താക്കൂറിന്റെ പ്രതികരണം. ഈ സീരീസില്‍ വളരെ മോശമായ രീതിയിലുള്ള സംഭാഷണങ്ങളുണ്ടെന്നും ഇത്തരം പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങളില്‍ ഇതുപോലുള്ള സംഭാഷണങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് കഴിഞ്ഞദിവസം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
Content Highlights: Anurag Thakur Press Meet, Anurag Thakur against OTT Platforms
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..