വിവാദ യൂട്യൂബര്‍ ബ്ലൂ സട്ടൈ മാരന്റെ ആദ്യ സംവിധാന സംരഭമായ 'ആന്റി ഇന്ത്യന്‍' എന്ന ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്. കഴിഞ്ഞ വര്‍ഷമാണ് ബ്ലൂ സട്ടൈ മാരന്‍ താന്‍ സംവിധാനം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചത്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സിനിമ പൂര്‍ത്തിയാക്കുകയായിരുന്നു. 

ഏതെങ്കിലും രംഗങ്ങള്‍ നീക്കം ചെയ്യുകയോ അല്ലെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യണമെന്നാണ് പൊതുവെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കാറുള്ളത്. ഈ സിനിമ പൂര്‍ണമായും വിശ്വാസങ്ങളെയും രാഷ്ട്രീയത്തെയും അവഹേളിക്കുന്നതാണെന്നും അതിനാല്‍ പ്രദര്‍ശിപ്പിക്കാനാകില്ലെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിലപാട്. 

സിനിമ പുനഃപരിശോധന കമ്മിറ്റിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്നാണ് മാരന്‍ പറയുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ നീക്കം നിരാശാജനകമാണെന്നും മാരന്‍ പറഞ്ഞു.

"സെന്‍സര്‍ ബോര്‍ഡിന് വേണമെങ്കില്‍ സിനിമയിലെ ഏതെങ്കിലും രംഗം ഒഴിവാക്കാമായിരുന്നു അല്ലെങ്കില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാാമായിരുന്നു. എ സര്‍ട്ടിഫിക്കറ്റോ യു സര്‍ട്ടിഫിക്കറ്റോ നല്‍കാം. എന്നാല്‍, സിനിമ നിരോധിക്കാനാകുമോ? ഞാന്‍ ഈ സിനിമയിലൂടെ വളരെ ഗൗരവകരമായ വിഷയമാണ് അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും ജനങ്ങളുടെ ജീവിതത്തെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രമേയം. ഞാന്‍ ഈ ചിത്രം പുനഃപരിശോധനയ്ക്ക് അയക്കുകയാണ്"- മാരന്‍ പറഞ്ഞു. 

Content Highlights: Censor Board refuses to certify Blue Sattai Maaran’s debut film, Anti Indian Movie  YouTuber