Churuli
സോണി ലിവിൽ പ്രദർശിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത’ചുരുളി’യുടെ പതിപ്പ് സർട്ടിഫൈഡ് അല്ലെന്ന് വ്യക്തമാക്കി സെൻസർ ബോർഡ് രംഗത്ത്. ചിത്രത്തിലെ അശ്ലീല/ അസഭ്യ സംഭാഷണങ്ങൾ ചർച്ചയായി മാറിയതിന് പിന്നാലെയാണ് വിശദീകരണവുമായി സെൻസർ ബോർഡ് രംഗത്തെത്തിയത്.
സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയിൽ അവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് 'ചുരുളി'ക്കു നൽകിയത്. എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും സെൻസർ ബോർഡ് പത്രക്കുറിപ്പിൽ വ്യക്തമാക്കി
പത്രക്കുറിപ്പിൽ നിന്ന്
സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം ഫീച്ചർ ഫിലിം 'ചുരുളി', പ്രസ്തുത സിനിമയുടെ സർട്ടിഫൈഡ് പതിപ്പല്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) റീജിയണൽ ഓഫീസർ ശ്രീമതി. പാർവതി വി അറിയിച്ചു.
ചുരുളി മലയാളം ഫീച്ചർ ഫിലിമിന് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സർട്ടിഫിക്കേഷൻ റൂൾസ് -1983, ഇന്ത്യാ ഗവൺമെന്റ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവക്ക് അനുസൃതമായി സിബിഎഫ്സി മുതിർന്നവർക്കുള്ള എ സർട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബർ 18നാണ് സർട്ടിഫിക്കറ്റ് നമ്പർ DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിർന്നവർക്കുള്ള 'എ' സർട്ടിഫിക്കറ്റ് ലഭ്യമാക്കിയത്.
മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി സിനിമയുടെ സർട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്തുതാപരമായി തെറ്റായ റിപ്പോർട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളിൽ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്സി റീജിയണൽ ഓഫീസർ അറിയിച്ചു.
content highlights : Censor Board On Churuli Movie by Lijo Jose pellissery
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..