'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ഭാഷയോ ലിംഗമോ പ്രായമോ പ്രശ്‌നമില്ലെന്നാണ് കാസ്റ്റിംഗ് കോളിൽ അണിയറ പ്രവർത്തകർ പറയുന്നത്. 

നിങ്ങൾ അഭിനേതാവോ, മോഡലോ, ആയോധന കലാ വിദധരോ ആരുമായാലും ചിത്രത്തിൽ അഭിനയിക്കുന്നതിനായി അപേക്ഷിക്കാം. സെപ്റ്റംബർ 12, 15 തിയ്യതികളിലായാണ് ഓഡീഷൻ നടക്കുന്നത്. 

കൊച്ചിയിലും ഓഡീഷൻ നടക്കുന്നുണ്ട്. സെപ്റ്റംബർ 15 നാണ് കൊച്ചിയിലെ ഓഡീഷൻ.  ബാംഗ്ലൂർ, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിലും ഓഡീഷൻ നടക്കുന്നുണ്ട്. 

പ്രഭാസ് നായകനാകുന്ന  ചിത്രത്തിൽ ദീപികാ പദുക്കോൺ ആണ് നായിക. അമിതാബ് ബച്ചനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. 

ദീപികയുടെ തെന്നിന്ത്യൻ അരങ്ങേറ്റമായിരിക്കും ഈ സിനിമ.പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റർ ആയി എത്തുന്നതും വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാർഷിക വേളയിലാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന വമ്പൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

സയൻസ് ഫിക്ഷൻ എന്റർടെയ്‌നറാകും ഈ ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സാങ്കൽപ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രമെന്നാണ് സൂചന. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും. പി.ആർ.ഒ ആതിര ദിൽജിത്ത്.

content highlights : Casting call for prabhas Nag Ashwin Deepika Padukone Amitabh Bachchan Movie