ഉണ്ണി മുകുന്ദൻ | ഫോട്ടോ: എസ്.എൽ. ആനന്ദ് | മാതൃഭൂമി
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ഇളവ് നൽകണമെന്ന് ഉണ്ണി മുകുന്ദൻ. നേരിട്ട് കോടതിയിൽ ഹാജരാകുന്നതിൽ നിന്നാണ് ഇളവ് തേടിയത്. ഈ മാസം 17ന് കേസിൽ വിശദമായ വാദം കേൾക്കാനിരിക്കേയാണ് ഉണ്ണി മുകുന്ദൻ ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം ഒമ്പതിനാണ് സ്ത്രീത്വത്തെ അപമാനിച്ചെന്ന നടൻ ഉണ്ണി മുകുന്ദനെതിരായ കേസിന്റെ സ്റ്റേ നീക്കിയത്. കേസ് ഒത്തുതീർപ്പായെന്ന സത്യവാങ്മൂലം വ്യാജമാണെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകിയത് എങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
വിവാദ അഭിഭാഷകൻ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസായിരുന്നു ഇത്. വിദേശ മലയാളിയായ സ്ത്രീ നടൻ ഉണ്ണിമുകുന്ദനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉണ്ണിമുകുന്ദൻ മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ഹർജികൾ നൽകിയിരുന്നു. എന്നാൽ രണ്ട് ഹർജികളും ബന്ധപ്പെട്ട കോടതികൾ തള്ളുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് അഡ്വ. സൈബി ജോസ് കോടതിയിൽ ഹാജരാവുകയും 2021 ൽ പരാതിക്കാരിയുമായി വിഷയം ഒത്തുതീർപ്പാക്കിയെന്ന് കോടതിയെ അറിയിച്ചുകൊണ്ട് സ്റ്റേ വാങ്ങുകയായിരുന്നു. സ്റ്റേ നീക്കണമെന്ന് പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്റ്റേ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒമ്പതാം തീയതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പരാതിക്കാരിയുടെ അഭിഭാഷകൻ വ്യാജ സത്യവാങ്മൂലത്തെക്കുറിച്ച് കോടതിയിൽ വ്യക്തമാക്കുന്നത്. കേസ് ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ടിരിക്കുന്നത് തന്റെ കക്ഷിയല്ലെന്ന് അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു.
തുടർന്ന് ജസ്റ്റിസ് കെ ബാബു കേസിലെ സ്റ്റേ നീക്കുകയും വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിയിൽ വിശദീകരണം നൽകാൻ നടൻ ഉണ്ണി മുകുന്ദനോട് ആവശ്യപ്പെടുകയും ചെയ്തു. കോടതിയിൽ തട്ടിപ്പ് നടന്നിരിക്കുന്നുവെന്ന് ജസ്റ്റിസ് കെ. ബാബു ചൂണ്ടിക്കാണിച്ചു. അതീവ ഗൗരവമുള്ള വിഷയമാണിതെന്നും അന്ന് കോടതി പറഞ്ഞിരുന്നു.
Content Highlights: case against actor unni mukundan, abuse case against unni mukundan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..