നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ആന്തോളജി ചിത്രമായ നവരസയ്ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം. സിനിമയുടെ പത്ര പരസ്യത്തില്‍ ഖുറാനില്‍ നിന്നുള്ള വാചകങ്ങള്‍ ഉപയോഗിച്ചതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. തമിഴ് ദിനപത്രമായ ഡെയിലി തന്തിയിലാണ് ഖുറാന്‍ വാചകങ്ങള്‍ ഉള്‍പ്പെടുത്തിയ പരസ്യം പ്രസിദ്ധീകരിച്ചത്. 

രതീന്ദ്രന്‍ ആര്‍ പ്രസാദ് സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്തും സിദ്ധാര്‍ഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഇന്‍മൈ' എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഖുറാനിലെ വാക്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ട്വിറ്ററില്‍ ബാന്‍നെറ്റ്ഫ്ലിക്സ്, റിമൂവ്‌നവരസപോസ്റ്റര്‍ എന്നീ ക്യാമ്പയിനുകള്‍ ശക്തമായി.

സിനിമാ പരസ്യത്തിന് ഖുറാന്‍ വാചകം നല്‍കിയത് ഖുറാനെ അവഹേളിക്കുന്നതാണെന്നും നെറ്റ്ഫ്ലിക്സിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. 

ആഗസ്റ്റ് 6 നാണ് നവരസ റിലീസ് ചെയ്തത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചാപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്. ഒന്‍പത് രസങ്ങളെ ആസ്പദമാക്കി ഒന്‍പത് സംവിധായകര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Content Highlights: Calls for Netflix Ban After Navarasa’s Release, Parvathy Thiruvothu, Siddharth, inmai ad, quran quotes