സിനിമാ നടികളെ കുറിച്ച് വിവാദ പരാമര്‍ശവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ സി.വി ബാലകൃഷ്ണന്‍. സനൽ കുമാർ ശശിധരന്റെ എസ് ദുര്‍ഗയുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പുരാവൃത്തം, ഇരട്ടക്കുട്ടികളുടെ അച്ഛൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്നിവയുടെ തിരക്കഥാകൃത്തായ സി.വി. ബാലകൃഷ്ണന്റെ പരാമർശം.

നടിമാരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ അവര്‍ക്ക് സദാചാരബോധം വരുമെന്നും നക്ഷത്രവേശ്യാലയവും സ്വര്‍ണക്കടത്തും നടത്തുകയും ചെയ്തിട്ട് സിനിമയില്‍ നല്ല ഇമേജ് ഉണ്ടാക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം  പറഞ്ഞത്.

"എസ് ദുര്‍ഗയില്‍ ഒരുപാട് ന്യൂഡിറ്റി ഉണ്ട്. എന്നാല്‍ അതില്‍ പരിമിതികളുമുണ്ട്. അഭിനേതാക്കള്‍ ഇതുമായി എത്രമാത്രം സഹകരിക്കും എന്നതാണ് ഒന്ന്. ലോകത്തിലെ ഏറ്റവും മികച്ച നടികളിൽ പലരും നഗ്‌നരംഗങ്ങളില്‍ അഭിനയിക്കുന്നവരാണ്. അവർക്കാര്‍ക്കും ഒരു പ്രശ്‌നവുമില്ല. വിദേശ സിനിമകളിലെല്ലാം സ്പഷ്ടമായ നഗ്‌നരംഗങ്ങള്‍ ഉണ്ട്. ഇവിടെയാണ് ഇത്തരത്തിലുള്ള വിലക്കുകള്‍. ഇവിടുത്തെ നടിമാര്‍ക്ക് ഒരു തരത്തിലുള്ള സദാചാരബോധമുണ്ട്.

അവരുടെ  ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ അവര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഇമേജ് ഉണ്ട്. അവര്‍ സ്വര്‍ണക്കടത്ത് നടത്തും. നക്ഷത്ര വേശ്യാലയം നടത്തും. പക്ഷെ സിനിമയില്‍ വേറെ ഇമേജ് ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

ദുര്‍ഗ എന്ന പേരാണ് പ്രശ്‌നമെങ്കില്‍ ഇന്ത്യയിലെ ഒട്ടുമിക്ക പേരുകളും നമുക്ക് ഉപയോഗിക്കാന്‍ കഴിയില്ല.  മിക്ക പേരുകളും ദൈവത്തിന്റെ പേരുകളാണ്, എന്റേതുൾപ്പടെ. കാലാനുസൃതമായി ചിന്തിക്കുകയാണ് വേണ്ടത്"-സി.വി ബാലകൃഷ്ണന്‍ പറഞ്ഞു. 

Content Highlights : C V Balakrishnan Controversial statement about malayalam actresses