അയോധ്യാവിധിയില്‍ നിലപാട് വ്യക്തമാക്കി തിരക്കഥാകൃത്തും നിര്‍മാതാവും നടന് സല്മാന് ഖാന്റെ പിതാവുമായ സലിം ഖാന്. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത സലിം ഖാന് മുസ്ലീങ്ങൾക്ക് നല്കിയ അഞ്ചേക്കര്‍ ഭൂമിയില്‍ നിര്‍മിക്കേണ്ടത് പള്ളിയല്ലെന്നും സ്കൂളാണെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് വേണ്ടത് സ്കൂളുകളാണ്, പള്ളികളല്ല, സലിം ഖാന് പറഞ്ഞു.
''ക്ഷമയും സ്നേഹവുമാണ് ഇസ്ലാമിന്റെ ഗുണങ്ങളെന്നാണ് പ്രവാചകന് പറഞ്ഞത്. അയോധ്യാവിധിക്കുശേഷവും ഈ ഗുണങ്ങളിലൂന്നിയാകണം ഓരോ മുസ്ലീമും മുന്നോട്ടുപോകേണ്ടത്. സ്നേഹവും ക്ഷമയും പ്രകടിപ്പിക്കൂ. പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുപോകൂ''- സലിം ഖാന് പറഞ്ഞു.
ഈ വിധി വന്ന ശേഷവും ഇവിടെ സമാധാനവും ഒത്തൊരുമയും നിലനിര്‍ത്തുന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്. വളരെയധികം പഴക്കമുള്ള ഒരു തര്‍ക്കം പരിഹരിക്കപ്പെട്ടിരിക്കുന്നു. അത് അംഗീകരിക്കൂ. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാനീ വിധിയെ സ്വാഗതം ചെയ്യുന്നു.
ഇനി മുസ്ലീങ്ങൾ അയോധ്യാവിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യരുത്. അതിനുപകരം നിങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെക്കുറിച്ചുമാകണം ചര്‍ച്ചകള്‍. ഇതെന്തുകൊണ്ടാണ് പറയുന്നതെന്ന് ചോദിച്ചാല്‍ നമുക്കാവശ്യം സ്കൂളുകളും ആശുപത്രികളുമാണ്.
അയോധ്യയില്‍ നല്കപ്പെട്ട സ്ഥലത്ത് പള്ളി പണിയുന്നതിന് പകരം ആ അഞ്ചേക്കറില്‍ സ്കൂളോ കോളേജോ നിര്‍മിക്കണമെന്നാണ് എന്റെ അഭിപ്രായം. നമുക്ക് പ്രാര്‍ഥന എവിടെ വച്ചും നടത്താം.. ട്രെയിനില്‍, പള്ളിയില്‍ അങ്ങനെ എവിടെ വേണേലും. പക്ഷേ നമുക്ക് വേണ്ടത് നല്ല സ്കൂളുകളാണ്. 22 കോടി മുസ്ലീങ്ങൾക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍ തന്നെ രാജ്യത്തെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
പ്രധാനമന്ത്രിയെ ഞാന്‍ അനുകൂലിക്കുന്നു. നമുക്ക് ഇന്ന് വേണ്ടത് സമാധാനമാണ്. ഭാവിയെ കുറിച്ച് ആലോചിക്കണം. നല്ല രീതിയിലുള്ള വിദ്യാഭ്യാസം ലഭിച്ചവര്‍ക്കേ നല്ല ഭാവിയുള്ളൂ. പ്രധാന പ്രശ്നം മുസ്ലീങ്ങൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാത്തതാണ്. ഞാന്‍ വീണ്ടും പറയുന്നു ഈ പ്രശ്നം ഇവിടെ അവസാനിപ്പിക്കണം. നല്ലൊരു പുതിയ തുടക്കം ആരംഭിക്കാം".
Content Highlights : Build a School On five Acre Land in Ayodhya, Says Salim Khan