ബ്രൂസ് വില്ലിസും തലൂലാ വില്ലിസും | ഫോട്ടോ: www.facebook.com/screengemsbyronnie
ചികിത്സിച്ചുമാറ്റാനാവാത്ത ഫ്രണ്ടോടെംപറല്‍ ഡിമന്‍ഷ്യ എന്ന അവസ്ഥയിലാണ് ഹോളിവുഡിലെ പ്രശസ്ത നടന്‍ ബ്രൂസ് വില്ലിസ്. ഈ രോഗാവസ്ഥ കാരണം 2022 മുതല്‍ വെള്ളിത്തിരയോട് വിടപറഞ്ഞിരിക്കുകയാണ് ബ്രൂസ്. 67 കാരനായ താരത്തിന്റെ രോഗാവസ്ഥയേക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മകളും നടിയുമായ തലൂലാ വില്ലിസ്.
ബ്രൂസ് വില്ലിസിന് നടി ഡെമി മൂറില്‍ ജനിച്ച മകളാണ് തലൂലാ വില്ലിസ്. വോഗ് മാസികയ്ക്ക് എഴുതിയ കത്തിലാണ് ഡിമെന്‍ഷ്യയുമായുള്ള തന്റെ പിതാവിന്റെ പോരാട്ടത്തേക്കുറിച്ച് തലൂല വ്യക്തമാക്കിയിരിക്കുന്നത്. അച്ഛനേക്കുറിച്ച് പറയുമ്പോള്‍ വര്‍ത്തമാനത്തിനും ഭൂതകാലത്തിനും ഇടയില്‍ ചാഞ്ചാടിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. കുറച്ചധികം കാലമായി ചില കാര്യങ്ങള്‍ ശരിയല്ലെന്ന് അറിയാമായിരുന്നു. അവ്യക്തമായ പ്രതികരണമില്ലായ്മയില്‍ നിന്നായിരുന്നു എല്ലാത്തിന്റേയും തുടക്കമെന്നും ബ്രൂസ് വില്ലിസിന്റെ രോഗാവസ്ഥയുടെ പ്രാരംഭനാളുകളേക്കുറിച്ച് തലൂല പറഞ്ഞു.
'പിന്നീട് ആ പ്രതികരണമില്ലായ്മ വര്‍ദ്ധിച്ചു. ചിലപ്പോള്‍ ഞാനത് വ്യക്തിപരമായി എടുത്തു. എന്റെ രണ്ടാനമ്മയായ എമ്മ ഹെമിംഗ് വില്ലിസില്‍ അദ്ദേഹത്തിന് രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. പിതാവിന് എന്നോട് താല്‍പ്പര്യം നഷ്ടപ്പെട്ടതായി ഞാന്‍ കരുതി. നല്ല വികാരങ്ങളും മോശം വികാരങ്ങളും യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, അത് എന്നെ വേദനാജനകമായി ബാധിച്ച ഒരു നിമിഷം ഞാന്‍ ഓര്‍ക്കുന്നു: 2021 ലെ വേനല്‍ക്കാലത്ത് മാര്‍ത്താസ് വൈന്‍യാര്‍ഡില്‍ ഞാന്‍ ഒരു വിവാഹത്തിലായിരുന്നു, വധുവിന്റെ പിതാവ് ഹൃദയസ്പര്‍ശിയായ ഒരു പ്രസംഗം നടത്തി. എനിക്ക് ഒരിക്കലും അങ്ങനെയൊരു നിമിഷം ലഭിക്കില്ലെന്ന് പെട്ടെന്ന് ഞാന്‍ മനസ്സിലാക്കി. അതെന്നില്‍ തീവ്രദുഃഖവും ഞെട്ടലുമുണ്ടാക്കി. ഞാന്‍ തീന്‍മേശ വിട്ട് പുറത്തേക്കിറങ്ങി, ആരുംകാണാതെ നിന്ന് കരഞ്ഞു.' തലൂല ഓര്‍മിച്ചു.
മുമ്പ് ബ്രൂസിന്റെ രോഗാവസ്ഥയേക്കുറിച്ച് കുടുംബം പ്രസ്താവനയിറക്കിയിരുന്നു. ആശയവിനിമയത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന രോഗാവസ്ഥയാണ് ഫ്രണ്ടോടെമ്പറല്‍ ഡിമന്‍ഷ്യ. തലച്ചോറിന്റെ മുന്‍ഭാഗത്തെയും വലതുഭാഗത്തെയും ബാധിക്കുന്ന രോഗാവസ്ഥയാണിത്. ഇത് വേദനാജനകമാണ്. വ്യക്തമായ രോഗനിര്‍ണയം ഉണ്ടായതില്‍ ആശ്വാസവുമുണ്ട്. ഇന്ന് ഈ രോഗത്തിന് ചികിത്സയൊന്നുമില്ല. വരും വര്‍ഷങ്ങളില്‍ ഇതിനെല്ലാം മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
1980 ല്‍ പുറത്തിറങ്ങിയ ദ ഫസ്റ്റ് ഡെഡ്ലി സിന്‍ എന്ന ചിത്രത്തിലൂടെയാണ് വില്ലിസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബ്ലൈന്‍ഡ് ഡേറ്റ്, ഡൈ ഹാര്‍ഡ്, ഡൈഹാര്‍ഡ് 2, ദ സിക്സ്ത് സെന്‍സ്, പള്‍പ് ഫിക്ഷന്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു. അഞ്ചു തവണ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിച്ച വില്ലിസിന് മൂണ്‍ലൈറ്റ് എന്ന ടെലിവിഷന്‍ സീരീസിലൂടെ മികച്ച നടനുള്ള പുരസ്‌കാരം നേടി. മൂന്ന് എമ്മി പുരസ്‌കാരങ്ങളും നേടി.
Content Highlights: Tallulah Willis about her father Bruce Willis, Bruce Willis Health, Bruce Willis Dementia


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..