ബ്രോ ഡാഡിയിൽ മോഹൻലാൽ
ലൂസിഫർ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ തരംഗമായ കൂട്ടുകെട്ടാണ് പൃഥ്വിരാജും മോഹൻലാലും. ഇവരൊരുമിച്ച രണ്ടാമത്തെ ചിത്രമായ ബ്രോ ഡാഡി ഓ.ടി.ടി റിലീസായാണെത്തിയതെങ്കിലും മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോഴിതാ മോഹൻലാലിന്റെ പിറന്നാളിന് പൃഥ്വിരാജ് ഒരു സമ്മാനവുമായെത്തിയിരിക്കുകയാണ്.
ബ്രോ ഡാഡിയിലെ തീം സോങ്ങിന്റെ ഡയറക്ടേഴ്സ് കട്ടാണ് ആ സമ്മാനം. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത പിറന്നാളാശംസയ്ക്കൊപ്പമാണ് പൃഥ്വി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിനിമയിലെ രസകരമായ മുഹൂർത്തങ്ങൾ ചേർത്തുവെച്ചാണ് ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഇതേ ഗാനം എൻഡ് ക്രെഡിറ്റ് സോങ്ങായി ലൊക്കേഷൻ ദൃശ്യങ്ങളുപയോഗിച്ച് സിനിമയിൽ ഉൾപ്പെടുത്തിയിരുന്നു.
ദീപക് ദേവാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് 'ബ്രോ ഡാഡി' റീലീസ് ചെയ്തത്. മോഹൻലാൽ അവതരിപ്പിച്ച ജോൺ കാറ്റാടിയുടെ മകനായ ഈശോ ജോൺ കാറ്റാടിയായാണ് പൃഥ്വിരാജ് എത്തിയത്. മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, മല്ലിക സുകുമാരൻ, ജഗദീഷ്, സൗബിൻ ഷാഹിർ എന്നിവർക്കൊപ്പം ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു.
നവാഗതരായ ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരായിരുന്നു തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..