അമേരിക്കന്‍ പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ് വിവാഹിതയാകുന്നു. കാമുകന്‍ സാം അസ്ഖാരിയാണ് വരന്‍. വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വിവരം ഗായിക തന്നെയാണ് പുറത്ത് വിട്ടത്.

പിതാവിന്റെ രക്ഷാകര്‍തൃഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ട്‌നി കോടതിയെ സമീപിച്ചത് ഈയിടെ വലിയ ചര്‍ച്ചയായിരുന്നു. 2008 മുതല്‍ ബ്രിട്ട്‌നിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് പിതാവായിരുന്നു. കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് ബ്രിട്ട്‌നിയുടെ രക്ഷകര്‍ത്തൃത്വം പിതാവ് ജേമി സ്പിയേഴ്‌സിനെ കോടതി ഏല്‍പിക്കുന്നത്. കോടികള്‍ വരുന്ന സ്വത്ത് കൈകാര്യം ചെയ്യാനുള്ള മാനസിക നിലയില്‍ അല്ല ബ്രിട്ട്‌നിയെന്നായിരുന്നു ജേമി സ്പിയേഴ്‌സിന്റെ വാദം.

ഗായികയെ സ്വതന്ത്രയാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ കാമ്പയിനുകള്‍ക്ക് ആരാധകര്‍ നേതൃത്വം നല്‍കിയിരുന്നു. കേസുമായി ബ്രിട്ട്‌നി മുന്നോട്ട് പോയതോടെ എല്ലാ സ്വത്തുവകകളും വിട്ടു നല്‍കാന്‍ താന്‍ തയ്യാറാണെന്നും എല്ലാവിധ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിയാമെന്നും ജാമി സ്പിയേഴ്സ് കോടതിയെ ബോധിപ്പിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതോടൊപ്പം ബ്രിട്ട്നിയും ആരാധകരും തനിക്കെതിരേ നടത്തുന്ന കാമ്പയിനുകള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Content Highlights: Pop Singer Britney Spears Announces Engagement To Boyfriend Sam Asghari getting married