രു സിനിമ കാണാൻ അതിബുദ്ധി വേണ്ട, ചിരിക്കാൻ തയ്യാറായ നല്ലൊരു മനസ്സു മതി എന്നു തെളിയിക്കുകയാണ്‌ ബ്രീഫ്‌ കേസ്‌ എന്ന ഹ്രസ്വചിത്രത്തിലൂടെ സലാഹുദ്ദീൻ സഫറുള്ളയും കൂട്ടരും. വിവാദങ്ങൾ ക്ഷണിച്ചു വരുത്താവുന്ന ഒരു വിഷയത്തെ തീർത്തും ലഘൂകരിക്കുകയും അത്യന്തം ചിരി നിറയ്‌ക്കുകയുമാണ്‌ ബ്രീഫ്‌ കേസിൽ. ഏറെ ഗൗരവത്തോടെ  അവതരിക്കുന്ന കഥാപാത്രങ്ങൾപോലും ഞൊടിയിടകൊണ്ട്‌ ചിരിയുടെ ഭാഗമാകുന്നു.  ഉദ്വേഗം നിറച്ചുകൊണ്ട്‌ കൈമാറ്റം ചെയ്യപ്പെടുന്ന ബ്രീഫ്‌കെയ്‌സ്‌ രസകരമായ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ടുതന്നെ തുറക്കപ്പെടുന്നു. അതിനുള്ളിലെന്താണെന്ന്‌ കണ്ടുതന്നെ മനസ്സിലാക്കണം. ഒന്നു തീർച്ച, എത്ര മസിലുപിടിച്ചാലും ഒന്നു ചിരിക്കാതെ ബ്രീഫ്‌ ​കേസ്‌ അടച്ചുവെക്കില്ല.

യുട്യൂബിൽ ഹിറ്റായ വിലാസിനിക്കടവിന്റെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ്‌ ബ്രീഫ്‌കേസ്‌ ഒരുക്കിയിരിക്കുന്നത്‌. ഓറഞ്ചറി പ്രൊഡക്‌ഷന്റെ ബാനറിൽ നിഹാൽ സി.കെ. നിർമ്മിച്ച ചിത്രം തിരക്കഥയെഴുതി  സംവിധാനം ചെയ്തത്‌ സലാഹുദ്ദീൻ സഫറുള്ള.

കലാഭവൻ മധു, വിവേക്‌ ഭാസ്കർ, ജബ്ബാർ (ഓലപ്പീപ്പി), അഞ്ജന, ജെയിൻ കലാഭവൻ (ജോർജ്ജ്‌), അന​ൂപ്‌, റിത്തി, പ്രകാശ്‌, അരുൺ കലാഭവൻ, ലക്ഷ്‌മണൻ മൂഴിക്കുളം,  ഹരികുമാർ കലാഭവൻ. ക്യാമറ: ഹാരിഷ്‌ കാസിം, മ്യൂസിക്‌: രഘു വി. മേനോൻ, എഡിറ്റിംഗ്‌: ആഷിഷ്‌ ജോസഫ്‌ (നിയോ), ഗ്രാഫിക്‌സ്‌: രതീഷ്‌, ജിക്കു. വ്യാഴാഴ്ച യുട്യൂബിൽ റിലീസ്‌ ചെയ്ത ചിത്രം ആദ്യ മണിക്കൂറിൽ തന്നെ മികച്ച പ്രതികരണം ഉണ്ടാക്കി.