ഹോളിവുഡ്: ലൈംഗികാരോപണം നേരിടുന്നയാള്‍ ഓസ്‌കര്‍ നേടിയാലും അയാള്‍ക്കുവേണ്ടി കൈയടിക്കില്ലെന്നാണ് നടിയും സംവിധായികയും ഗായികയുമായ ബ്രി ലാര്‍സന്റെ നിലപാട്. കഴിഞ്ഞദിവസം നടന്ന ഓസ്‌കര്‍ പ്രഖ്യാപനച്ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിക്കാനായി വേദിയിലെത്തിയത് ബ്രി ലാര്‍സനായിരുന്നു.

മാഞ്ചസ്റ്റര്‍ ബൈ ദി സീയിലെ അഭിനയത്തിന് കേസി അഫ്ലക്കിനായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം. രണ്ട് ലൈംഗികപീഡനക്കേസുകളാണ് അഫ്ലക്കിനെതിരെ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പുരസ്‌കാരം സ്വീകരിക്കാനായി അഫ്ലക് വേദിയിലെത്തുമ്പോള്‍ ബ്രി ഒഴികെയുള്ള മറ്റെല്ലാവരും കരഘോഷത്തോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 

അഫ്ലക് ഒപ്പം പ്രവര്‍ത്തിച്ചിരുന്ന വനിതാ നിര്‍മാതാവിനെയും ഛായാഗ്രാഹകയെയും പീഡിപ്പിച്ചുവെന്നാണ് ആരോപണം. 2010-ലായിരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.നേരത്തേ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയിലും അഫ്ലക്കിന് മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിക്കുമ്പോള്‍ ബ്രി ലാര്‍സന്‍ കൈയടിക്കാന്‍ വിസമ്മതിച്ചിരുന്നു.